ഡൊണാൾഡ് ട്രംപ് Source: x/white house
WORLD

"എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചില്ലേ, ഒബാമ എന്ത് ചെയ്തിട്ടാ നൊബേല്‍ കിട്ടിയത്?"

താൻ ഇതൊന്നും ചെയ്തത് അവാർഡിന് വേണ്ടിയല്ലെന്നും യുഎസ് പ്രസിഡൻ്റ്

Author : ന്യൂസ് ഡെസ്ക്

സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ തനിക്ക് എല്ലാ അര്‍ഹതയുമുണ്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദങ്ങള്‍.

നൊബേല്‍ ലഭിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കാനും ട്രംപ് മറന്നില്ല. നൊബേല്‍ ലഭിക്കാന്‍ ബരാക് ഒബാമ ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ട്രംപിന്റെ വിമര്‍ശനം. താന്‍ ഇടപെട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഒരു അവാര്‍ഡ് മോഹിച്ചല്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

സമാധാനത്തിനുള്ള നൊബേല്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് പുരസ്‌കാര മോഹം വീണ്ടും ട്രംപ് വെളിപ്പെടുത്തിയത്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും ട്രംപിനൊപ്പം പട്ടികയിലുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പ്രഖ്യാപനം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡന്റായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഒബാമയ്ക്ക് നൊബേല്‍ ലഭിച്ചത്. ഒന്നും ചെയ്യാതെയാണ് അദ്ദേഹത്തിന് പുരസ്‌കാരം കിട്ടിയത്. എന്തിന് തിരഞ്ഞെടുക്കപ്പെട്ടു എന്നു പോലും അദ്ദേഹത്തിന് അറിയില്ല. അമേരിക്കയെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ഒന്നും ചെയ്യാത്തതിനായിരുന്നു പുരസ്‌കാരം.

എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചയാളാണ് താന്‍. അങ്ങനെ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ട്രംപ് തന്റെ അവകാശവാദത്തിന്റെ പുറത്ത് നൊബേല്‍ ലഭിക്കുമോ എന്നതില്‍ സംശയവും പ്രകടിപ്പിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും അവര്‍ ചെയ്യാനുള്ളത് അവര്‍ ചെയ്യും. എന്തായാലും കുഴപ്പമില്ല. അവാര്‍ഡിനു വേണ്ടിയല്ല താന്‍ ഇതൊന്നും ചെയ്തത്. ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

SCROLL FOR NEXT