ബഹവൽപുർ: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്ഷെ ആസ്ഥാനം പുനർ നിർമിച്ചു. മർക്കസ് സുബ്ഹാൻ അള്ളാ കോംപ്ലക്സ് പൂർണമായും പുനർനിർമിച്ചതായാണ് സൂചന. 2025 മെയ് മാസത്തിൽ ആണ് ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ഇന്ത്യൻ സേന മിസൈൽ ആക്രമണത്തിൽ കേന്ദ്രം തകർത്തത്. ജെയ്ഷെ മുഹമ്മദ് കേന്ദ്രത്തിന്റെ പുനർനിർമാണം നടക്കുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ആക്രമണത്തിൽ വ്യാപകമായി കേടുപാടുകൾ സംഭവിച്ച ഇടമാണ് കേടുപാടുകൾ പരിഹരിച്ച് പുതുക്കി നിർമിച്ചത്.
പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പ് പുതിയ മാർബിൾ, പ്ലാസ്റ്റർ എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിച്ചു, തകർന്ന താഴികക്കുടങ്ങളും പുനർനിർമ്മിച്ചിട്ടുണ്ട്. സെൻട്രൽ ഹാളിലുണ്ടായ വലിയ കേടുപാടുകളും പരിഹരിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹവൽപൂർ. കൃത്യമായ ആക്രമണങ്ങൾ ക്യാന്പിന്റെ ഘടനകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ജെയ്ഷെ ആസ്ഥാനം പുനർനിർമ്മിക്കാൻ ഫണ്ട് തേടുന്നതായുള്ള വാർത്തകളും നേരത്തേ പുറത്തുവന്നിരുന്നു. പാക് സർക്കാർ ഇതിനായി 25 കോടി രൂപ നൽകിയെന്നാണ് റിപ്പോർട്ടുകൾ
ഇന്ത്യൻ ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായി 56 കാരനായ ജെയ്‌ഷെ മുഹമ്മദ് തലവൻ അവകാശപ്പെട്ടിരുന്നു. ഏപ്രിൽ 22-ന് 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഓപ്പറേഷൻ സിന്ദുറിന്റെ ഭാഗമായി പാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയത്. 2001 ലെ പാർലമെന്റ് ആക്രമണം, 2019 ലെ പുൽവാമ ചാവേർ ബോംബാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി ഉന്നത ആക്രമണങ്ങളുമായി ബന്ധമുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഎം).