New York Jews support Zohran Mamdani  Source: X / AFP
WORLD

ജൂതവിരുദ്ധനെന്ന് ട്രംപിന്റെ വിമർശനം ഏറ്റില്ല; ന്യൂയോർക്കിലെ ജൂതർ മംദാനിക്കൊപ്പം തന്നെ

നെതന്യാഹുവിനെ യുദ്ധകുറ്റവാളിയെന്ന് വിളിച്ച, ന്യൂയോർക്കില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചയാളാണ് മംദാനി.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: പലസ്തീന് വേണ്ടി ശബ്ദിക്കുന്ന, മുസ്ലീമായ സൊഹ്റാന്‍ മംദാനിക്ക്, ജൂത വിരുദ്ധനെന്നാണ് ട്രംപ് അടക്കമുള്ളവർ നല്‍കിയ വിശേഷണം. എന്നാല്‍ മംദാനിയുടെ വിജയം വലിയ ആഘോഷമാക്കുകയാണ് ന്യൂയോര്‍ക്കിലെ വലിയൊരു വിഭാഗം ജൂതന്‍മാര്‍. സൊഹ്റാന്‍റെ വിജയം ജൂതരുടെ ജീവനും ജീവിതത്തിനും ഭീഷണിയാകും എന്ന പ്രചാരണത്തെ തള്ളുന്നതിനൊപ്പം എല്ലാ ജൂതരും, സയണിസ്റ്റുകളും നെതന്യാഹൂ അനുകൂലികളുമല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ന്യൂയോർക്കിന്‍റെ ജനവിധി.

മംദാനി ജൂതർക്ക് എതിരല്ല, ജൂതർക്കൊപ്പമാണ്. മാത്രമല്ല ഗാസയിലെ അധിനിവേശമാണ് യഥാര്‍ത്ഥ ജൂത വിരുദ്ധത. ഇത് പറയുന്നത് മറ്റാരുമല്ല. ന്യൂയോര്‍ക്ക് നഗരത്തിലെ ജൂതരാണ്.ജൂതരായ ഞങ്ങളും ഗാസയിലെ ജനങ്ങൾക്ക് വേണ്ടി വേദനിക്കുന്നവരാണ്. സൊഹ്റാന്‍റെ വിജയത്തില്‍ സന്തോഷിക്കുന്നവരാണ്. വിഭാഗീയതയുടെ രാഷ്ട്രീയത്തെ ഞങ്ങള്‍ എതിർക്കുന്നു. ഈ നഗരം ഒത്തൊരുമയാല്‍ കെട്ടിപ്പടുത്തതാണ്. അവര്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടുന്ന ഈ വിജയാഘോഷം സൊഹ്റാന്‍ മംദാനിയുടെ വിജയത്തിന് പിന്നില്‍ പ്രവർത്തിച്ച ന്യൂയോർക്കിലെ പതിനായിരക്കണത്തിന് ജൂതരുടേതാണ്. മംദാനിയെ ജൂതവിരുദ്ധനായും ഹമാസ് അനുകൂലിയായും ചിത്രീകരിക്കുന്ന സയണിസ്റ്റ് അജണ്ടയെ ന്യൂയോർക്കിലെ ജൂതര്‍ തള്ളിക്കളയുകയാണ്. നെതന്യാഹുവിനെ യുദ്ധകുറ്റവാളിയെന്ന് വിളിച്ച, ന്യൂയോർക്കില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചയാളാണ് മംദാനി.

പലസ്തീനിലെ ഇസ്രയേലി നടപടികളുടെ കടുത്ത വിമർശകനായ മംദാനിയുടെ നിലപാട് വോട്ടുവിഭജനമുണ്ടാക്കുമെന്ന് ഡെമോക്രാറ്റുകള്‍ തന്നെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ജൂതമത പണ്ഡിതരായ റാബികളുമായും മറ്റുമതനേതാക്കളുമായും നേരിട്ട് സംവദിച്ചും, ജൂതവിരുദ്ധതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തുമാണ് മംദാനി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ഈ പ്രചാരണത്തിന്‍റെ ഫലം എക്സിറ്റ് പോളുകളില്‍ കാണാം. ന്യൂയോർക്കിലെ 33 ശതമാനം ജൂതരുടെ വോട്ട്, അതായത് മൂന്നിലൊന്ന് ശതമാനം വോട്ടുകള്‍ മംദാനിക്ക് ലഭിച്ചെന്നാണ് സിഎന്‍ എന്നിന്‍റെ കണക്ക്.

ജൂതർക്കിടയിലെ തന്നെ യുവ വോട്ടർമാർ മതവിദ്വേഷ പ്രചാരണങ്ങള്‍ക്കും വിദേശനയത്തിനുമപ്പുറം, സാമൂഹ്യനീതിക്കും മെച്ചപ്പെട്ട ജീവിതനിലവാരത്തിനുവേണ്ടി വോട്ടുചെയ്യുമെന്നാണ് അല്‍ ജസീറയുടെ സർവ്വേ വ്യക്തമാക്കിയത്. അതിനപ്പുറം, എല്ലാ ജൂതരും സയണിസത്തെയും നെതന്യാഹൂ സർക്കാരിനെയും അനുകൂലിക്കുന്നവരല്ല എന്നും ഗാസയിലെ കൂട്ടക്കുരുതിയെ ശക്തമായി എതിര്‍ക്കുന്ന ഒരുവിഭാഗം മംദാനിയുടെ വിജയത്തിന് പിന്നിലുണ്ടെന്നുമാണ് ഈ കണക്കുകള്‍ പറയുന്നത്.

SCROLL FOR NEXT