ഫ്രാങ്ക് കാപ്രിയോ 
WORLD

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

ഫ്രാങ്കിൻ്റെ അവസാന സന്ദേശവും ഇപ്പോൾ ജനഹൃദയങ്ങൾ കീഴടക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. കോടതി മുറിയിലെ സൗമ്യതയുടെ മുഖമായ ഫ്രാങ്ക് കാപ്രിയോ 88ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്നു ഫ്രാങ്ക്. ഫ്രാങ്കിൻ്റെ അവസാന സന്ദേശവും ഇപ്പോൾ ജനഹൃദയങ്ങൾ കീഴടക്കുകയാണ്.

കോടതിയിൽ തന്റെ മുൻപിലെത്തുന്നവരോടെല്ലാം, പ്രത്യേകിച്ച് സാധാരണക്കാരോടുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റവും വലിയ ശ്രദ്ധ നേടിയിരുന്നു. പെരുമാറ്റത്തിലെ മനുഷ്യത്വവും സഹാനുഭൂതിയും കരുണയുമാണ് ലോകത്തിലെ നല്ലവനായ ജഡ്ജിയെന്ന വിശേഷണം ഫ്രാങ്കിന് നേടിക്കൊടുത്തത്.

കോടതിമുറിക്ക് പുറത്തും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കി, അത് ലോകത്തിന് കാണിച്ചുകൊടുക്കാനും ഫ്രാങ്ക് ശ്രമിച്ചിരുന്നു. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.

2023ലാണ് ഫ്രാങ്ക് കാപ്രിയോ തനിക്ക് പാൻക്രിയാറ്റിക് കാൻസർ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തുന്നത്. മരണത്തിന് ഒരു ദിവസം മുമ്പ്, ഫ്രാങ്ക് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. സുഖം പ്രാപിക്കാനായി പ്രാർഥിക്കാൻ ഫോളോവേഴ്സിനോട് അഭ്യർഥിക്കുന്ന ഒരു വീഡിയോയായിരുന്നു അത്.

"കാൻസറുമായുള്ള പോരാട്ടം ഞാൻ തുടരുകയാണ്, നിങ്ങളുടെ പ്രാർഥനകൾ എന്റെ ആത്മാവിനെ ഉയർത്തും, നിർഭാഗ്യവശാൽ, എനിക്ക് ഒരു തിരിച്ചടി നേരിട്ടു, ഞാൻ വീണ്ടും ആശുപത്രിയിൽ എത്തിയിരിക്കുന്നു. ഒന്നുകൂടി എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. പ്രാർഥനയുടെ ശക്തിയിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നു," അവസാന വീഡിയോയിൽ ഫ്രാങ്ക് പറഞ്ഞു.

'കോട്ട് ഇൻ പ്രൊവിഡൻസ്' എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ഫ്രാങ്ക് പ്രശസ്തി നേടിയത് പ്രശസ്തനായത്. ഫ്രാങ്കിൻ്റെ കോടതി നടപടികളുടെ വീഡിയോയിരുന്നു പരിപാടിയിലെ മുഖ്യ കോണ്ടൻ്റ്. ഇത് വൈറലാവുകയും ചെയ്തു. ഏകദേശം 15 മില്ല്യണിലധികം ആളുകളാണ് ഫ്രാങ്കിന് ആരാധകരായി ഉണ്ടായിരുന്നത്.

SCROLL FOR NEXT