ന്യൂഡല്‍ഹി: കൊമേഡിയനും നടനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയില്‍ വീണ്ടും വെടിവെപ്പ്. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കപില്‍ ശര്‍മയുടെ സ്ഥാപനത്തില്‍ ആക്രമണം നടക്കുന്നത്.
ഖലിസ്ഥാനി ഭീകരരായ ഗുര്‍പീത് സിങ് എന്ന ഗോള്‍ഡി ഡില്ലോണ്‍, ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 25 തവണയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെടിവെപ്പിനിടയില്‍ മുന്നറിയിപ്പ് അവഗണിച്ചാല്‍ അടുത്ത ആക്രമണം മുംബൈയിലായിരിക്കുമെന്നും അക്രമികള്‍ ഭീഷണി മുഴക്കുന്നത് കേള്‍ക്കാം. ആക്രമണത്തിനു പിന്നാലെ മുംബൈ പൊലീസും സുരക്ഷാ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ സറേയിലുള്ള കാപ്‌സ് കഫേയിലാണ് വെടിവെപ്പുണ്ടായത്. ജുലൈ 10 നായിരുന്നു ഇതിനു മുമ്പ് ആക്രമണമുണ്ടായത്. കഫേയ്ക്കുള്ളില്‍ ജീവനക്കാര്‍ ഉള്ള സമയത്തായിരുന്നു അന്ന് വെടിവെപ്പ്. കഫേ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാമത്തെ ദിവസമായിരുന്നു 12 റൗണ്ട് വെടിയുതിര്‍ത്ത ആക്രമണം നടന്നത്.