WORLD

"നിങ്ങളുടെ ബോസ് കൊന്നതും കുട്ടികളേയാണ്"; പെണ്‍കുഞ്ഞ് ജനിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയോട് ഇറാന്‍

വ്യാഴാഴ്ചയാണ് കരോളിന്‍ ലെവിറ്റ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റിനെ അഭിനന്ദിച്ച് ഇറാന്‍. അതിനൊപ്പം മിനാബിലെ സ്‌കൂളില്‍ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ചും ഇറാന്‍ ഓര്‍മപ്പെടുത്തി.

വ്യാഴാഴ്ചയാണ് കരോളിന്‍ ലെവിറ്റ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സന്തോഷ വാര്‍ത്ത ലെവിറ്റ് തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. വിവിയാന എന്നാണ് മകള്‍ക്ക് പേരിട്ടത്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് അഭിനന്ദനത്തിനൊപ്പം രൂക്ഷമായ വിമര്‍ശനവുമാണ് അര്‍മേനിയയിലെ ഇറാന്‍ എംബസിയുടെ എക്‌സ് പോസ്റ്റിലുള്ളത്. കുഞ്ഞ് പിറന്നതില്‍ അഭിനന്ദനങ്ങള്‍. കുട്ടികള്‍ നിഷ്‌കളങ്കരും സ്‌നേഹനിധികളുമാണ്. നിങ്ങളുടെ ബോസ് കൊലപ്പെടുത്തിയ മിനാബിലെ സ്‌കൂളിലെ 168 വിദ്യാര്‍ഥികളും കുട്ടികളായിരുന്നു. മിനാബിലെ കുട്ടികളെ കൊലപ്പെടുത്തിയതിനെ ലെവിറ്റ് ന്യായീകരിച്ചതും എക്‌സ്‌പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോള്‍ ആ കുട്ടികളുടെ അമ്മമാരേയും ഓര്‍ക്കണം എന്നും ഇറാന്‍ എംബസി ഓര്‍മിപ്പിക്കുന്നു.

ഫെബ്രുവരി 28 ന് മിനാബിലെ ഇലമെന്ററി സ്‌കൂളില്‍ യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ 73 ആണ്‍കുട്ടികളും 47 പെണ്‍കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ 26 അധ്യാപകരും ഏഴ് രക്ഷിതാക്കളും ഒരു സ്‌കൂള്‍ ഡ്രൈവറും കൊല്ലപ്പെട്ടു.

സ്‌കൂളിനു നേരെ നടത്തിയ ആക്രമണത്തെ കരോളീന്‍ ലെവിറ്റ് ന്യായീകരിച്ചിരുന്നു. ഇതിനെയാണ് ഇപ്പോള്‍ ഇറാന്‍ വിമര്‍ശിച്ചത്. ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് സാധാരണ പൗരന്മാരെ ലക്ഷ്യമിടുന്നില്ലെന്നായിരുന്നു ലെവിറ്റിന്റെ വിശദീകരണം.

SCROLL FOR NEXT