Source: X
WORLD

ഖാലിദ സിയയുടെ സംസ്കാരം ഇന്ന്; അന്ത്യവിശ്രമം ഭർത്താവ് സിയാവുർ റഹ്മാൻ്റെ ശവകുടീരത്തിനരികിൽ

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സംസ്കാര ചടങ്ങിൽ പങ്കെടുക്കും

Author : വിന്നി പ്രകാശ്

അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാരം ഇന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ അറിയിച്ചു. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നഗറിലെ സിയ ഉദ്യാനിൽ അന്തരിച്ച ഭർത്താവ് പ്രസിഡൻ്റ് സിയാവുർ റഹ്മാൻ്റെ അരികിലായിരിക്കും ഖാലിദ സിയയ്ക്ക് അന്ത്യവിശ്രമം ഒരുക്കുക.

പാർലമെൻ്റിലെ സൌത്ത് പ്ലാസയിലെയും തൊട്ടടുത്തുള്ള മണിക് മിയ അവന്യൂവിലെയും സോഹർ പ്രാർഥനയ്ക്ക് ശേഷമായിരിക്കും സംസ്കാരം നടക്കുകയെന്നും നിയമോപദേഷ്ടാവ് ആസിഫ് നസറുൾ പറഞ്ഞു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ തുടങ്ങിയ വിദേശ പ്രമുഖർ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ബുധനാഴ്ച ധാക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ ജയശങ്കർ ഇന്ത്യൻ സർക്കാരിനെയും ജനങ്ങളെയും പ്രതിനിധീകരിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഖാലിദ സിയയുടെ നിര്യാണത്തിൽ അനുശോചിച്ച് 3 ദിവസം ദുഃഖാചരണവും ഒരു ദിവസം പൊതു അവധിയായി ആചരിക്കുമെന്നും മുഖ്യ നിയമോപദേഷ്ടാവായ മുഹമ്മദ് യൂനസ് അറിയിച്ചിരുന്നു. ദുഃഖാചരണം നടത്തുമ്പോഴും മയ്യത്ത് പ്രാർഥനകൾ നടത്തുമ്പോഴും അച്ചടക്കവും ക്രമവും പാലിക്കണമെന്നും യൂനുസ് ജനങ്ങളോട് അഭ്യർഥിച്ചു. ദുഃഖാചരണ സമയത്ത്, എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വിദേശത്തുള്ള ബംഗ്ലാദേശ് മിഷനുകൾ എന്നിവിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വിദേശത്തുള്ള ബംഗ്ലാദേശ് മിഷനുകളിൽ അനുശോചന പുസ്തകങ്ങൾ തുറക്കും. ശവസംസ്കാര ചടങ്ങുകൾക്ക് സർക്കാർ എല്ലാവിധ സഹകരണവും നൽകുമെന്നും യൂനുസ് പറഞ്ഞു.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ദീർഘകാല മേധാവിയും, മൂന്ന് തവണ പ്രധാനമന്ത്രിയുമായിരുന്ന സിയ, ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ധാക്കയിൽ ഇന്നലെ രാവിലെയാണ് അന്തരിച്ചത്.

SCROLL FOR NEXT