സിഖ്‌സ് ഫോര്‍ ജസ്റ്റിസ്  Source: humenglish.com
WORLD

"കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കും"; ഭീഷണി മുഴക്കി ഖലിസ്ഥാനി സംഘടന

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ ദിനിഷ് പട്‌നായിക്കിനെ 'ഇന്ത്യൻ ഹിന്ദുത്വഭീകരതയുടെ പുതിയ മുഖം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഉപരോധിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. സെപ്റ്റംബര്‍ 18 വ്യാഴാഴ്ച വാന്‍കൂവറിലെ നയതന്ത്ര കാര്യാലയം ഉപരോധിക്കുമെന്നാണ് യുഎസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. കാനഡയില്‍ ഇന്ത്യൻ ഭരണകൂടം നടത്തുന്ന ചാരവൃത്തിക്കും ഭീഷണിക്കും ഉത്തരവാദിത്തം ആവശ്യപ്പെട്ടാണ് ഉപരോധം.

വ്യാഴാഴ്ച, പ്രാദേശിക സമയം രാവിലെ എട്ടുമുതൽ 12 മണിക്കൂർ കോൺസുലേറ്റ് ഉപരോധിക്കുമെന്നാണ് എസ്എഫ്ജെ അറിയിച്ചിരിക്കുന്നത്. അന്നേദിവസം കോണ്‍സുലേറ്റില്‍ വരാന്‍ തീരുമാനിച്ചിരുന്നവര്‍, സന്ദര്‍ശനത്തിനായി മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും നിര്‍ദേശമുണ്ട്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ ദിനിഷ് പട്‌നായിക്കാണ് ലക്ഷ്യമെന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററും സംഘടന പുറത്തുവിട്ടിട്ടുണ്ട്. കാനഡയിലെ 'ഇന്ത്യൻ ഹിന്ദുത്വഭീകരതയുടെ പുതിയ മുഖം’ എന്നാണ് പട്‌നായിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

"ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി, രണ്ട് വര്‍ഷം മുന്‍പ്, 2023 സെപ്റ്റംബര്‍ 18ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു, ഖലിസ്ഥാന്‍ റഫറണ്ടം പ്രചാരകരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചാരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുടരുകയാണ്. നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഖലിസ്ഥാന്‍ റഫറണ്ടം പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇന്ദര്‍ജീത് സിങ് ഗോസലിന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) സംരക്ഷണം ഒരുക്കേണ്ട തരത്തില്‍, ഭീഷണി കടുത്തുവെന്നും എസ്എഫ്ജെ പ്രസ്താവനയില്‍ പറയുന്നു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന 2023ലെ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. എന്നാല്‍, ട്രൂഡോ ആരോപണം ആവര്‍ത്തിച്ചതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും തകര്‍ന്നു. സമീപനാളുകളിലായി നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇരു രാജ്യങ്ങളും. അതിന്റെ ഭാഗമായാണ് സ്പെയിനിലെ ഇന്ത്യൻ അംബാസഡറായിരുന്ന പട്‌നായിക്കിനെ കാനഡയിലേക്ക് കൊണ്ടുവന്നത്. ക്രിസ്റ്റഫർ കൂട്ടറാണ് ഇന്ത്യയിലെ കാനഡയുടെ പുതിയ ഹൈകമീഷണർ. ഇരുരാജ്യങ്ങളും വീണ്ടും അടുക്കുന്നതിനിടെയാണ് ഖലിസ്ഥാനി സംഘടനയുടെ ഭീഷണി.

SCROLL FOR NEXT