കിം ജുവേ Source: dw.com
WORLD

അച്ഛന്റെ മകള്‍; ചൈനയുടെ ചുവന്ന മണ്ണില്‍ കണ്ടത് 'സുപ്രീം തലൈവിയുടെ' ഉദയമോ?

''ഇതാ...ഇവളാണ് എന്‍റെ പിൻഗാമി. ഉത്തരകൊറിയയുടെ അധികാരം കയ്യാളാൻ കിം കുടുംബത്തിൽ പിറന്നവൾ ഇവളാകുന്നു''

Author : അഗസ്റ്റ് സെബാസ്റ്റ്യന്‍

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരെ വിജയം നേടിയ സെപ്റ്റംബർ മൂന്നിനാണ് ചൈനയിൽ വിക്ടറി ഡേ പരേഡ് നടക്കുക. ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് ബീജിങ്ങിൽ നടന്ന വിക്ടറി ഡേ പരേഡ് സാധാരണ നിലയിലെ ഒരു ചരിത്രദിനാചരണത്തിനും, ചൈനയുടെ സൈനിക ശക്തിപ്രകടനത്തിനും അപ്പുറം ലോകത്തിന് ചില രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്നതുകൂടിയായിരുന്നു. രണ്ട് ലോകയുദ്ധങ്ങൾക്കും മുന്നോടിയായി ലോകത്ത് നിലനിന്നിരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെയും നാടകീയാന്തരീക്ഷങ്ങളെയും ഓർമിപ്പിക്കുന്ന രാഷ്ട്രീയകാലാവസ്ഥ നിലനിൽക്കുന്ന ഈ വർത്തമാന കാലത്ത് ബീജിങ്ങിലെ വിക്ടറി പരേഡിനും അതിൽ പങ്കെടുക്കാൻ ആരൊക്കെ എത്തി എന്നതിനും വലിയ പ്രസക്തിയുണ്ട്.

കിം ജോങ് ഉന്‍, കിം ജുവേ

യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശവും ലോകത്തിന് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന വ്യാപാരയുദ്ധവും, ആഗോള രാഷ്ട്രീയത്തിൽ പുതിയ ശാക്തിക സഖ്യങ്ങളെയും അച്ചുതണ്ടുകളെയും നിർണയിച്ചുകഴിഞ്ഞു. അതിലൊരു ചേരിയുടെ നിർണായക വേദിയാണ് ചൈനയുടെ തലസ്ഥാനമായ ബീജിങ്. ആ വേദിയിൽ അരങ്ങേറുന്ന രംഗങ്ങൾ അതീവ ശ്രദ്ധയോടെ വേണം കാണാൻ. ആഗോള രാഷ്ട്രീയ നാടകത്തിന്‍റെ അന്ത്യരംഗം എന്തു തന്നെയായാലും അതിലെ കഥാപാത്രങ്ങളൊക്കെ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അതിൽ ഏറെ അപ്രതീക്ഷിതമായൊരു അരങ്ങേറ്റവും ബീജിങ്ങിലുണ്ടായി. ഉത്തരകൊറിയയുടെ സർവാധികാരിയായ കിം ജോങ് ഉന്നിന്‍റെ മകൾ കിം ജുവേയുടെ ആദ്യ ഇന്റർനാഷനൽ അപ്പിയറൻസ്! . വിക്ടറി ഡേ പരേഡിന്‍റെ തലേന്ന്, ചലിക്കും കോട്ടയെന്ന് വിളിപ്പേരുള്ള , കിം കുടുംബത്തിന്‍റെ സ്വന്തം കവചിത തീവണ്ടിയായ 'റ്റയാങ്ങ്ഹോ' ബീജിങ്ങിൽ വന്നു നിന്നു. അതിൽ നിന്ന് കിം ജോങ് ഉൻ പുറത്തിറങ്ങിയപ്പോൾ അയാൾക്ക് പിന്നിലായി ഒരു പെൺകുട്ടിയും ചൈനീസ് മണ്ണിലേക്ക് കാലെടുത്ത് വച്ചു. കിം ജോങ് ഉന്നിന്‍റെ മകൾ കിം ജുവേ!

ചൈനയും റഷ്യയുമാണ് ഉത്തരകൊറിയയുടെ ഏറ്റവും വലിയ പിന്തുണ. ബീജിങ്ങിലെ വിക്ടറി ഡേ സംഗമം ചൈനീസ്-റഷ്യൻ-ഉത്തരകൊറിയൻ സൗഹൃദത്തിന്‍റെ പ്രദർശനം കൂടിയായിരുന്നു. ചൈനീസ് സർവാധിപതി ഷീ ജിൻ പിങ്ങും, റഷ്യയുടെ നേതാവ് വ്ളാഡിമിര്‍ പുടിനും ഉള്ള വേദിയിലേക്ക് മകളെ കൊണ്ടുവന്നതിലൂടെ കിം ജോങ് ഉൻ ലോകത്തോട് പറയാതെ പറഞ്ഞു, ''ഇതാ...ഇവളാണ് എന്‍റെ പിൻഗാമി. ഉത്തരകൊറിയയുടെ അധികാരം കയ്യാളാൻ കിം കുടുംബത്തിൽ പിറന്നവൾ ഇവളാകുന്നു'' എന്ന്. വർഷങ്ങൾക്ക് മുൻപ് കിം ജോങ് ഇൽ, ഏറ്റവും ഇളയ പുത്രനായ കിം ജോങ് ഉന്നാണ് തന്‍റെ പിൻഗാമിയാവുക എന്ന് ലോകത്തോട് പറഞ്ഞത് ചൈനയിലേക്കുള്ള ഒരു യാത്രയിൽ ഉന്നിനെയും ഒപ്പം കൂട്ടിക്കൊണ്ട് പോയതിലൂടെയാണ് എന്നൊരു കഥയുണ്ട്.

അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്മനനാണ് കിം ജോങ് ഉന്നിന് കിം ജുവേ എന്നൊരു കുഞ്ഞുണ്ട് എന്ന് ആദ്യമായി ലോകത്തോട് പറയുന്നത്. 2013ൽ ഉത്തരകൊറിയ സന്ദർശന വേളയിൽ കിം ജോങ്ങ് ഉന്നിനും ഭാര്യ റി സോൾ ജുവിനുമൊപ്പം സമയം ചെലവഴിച്ചുവെന്നും, കിം ജുവേ എന്ന അവരുടെ കുഞ്ഞിനെ എടുത്തുവെന്നും 'ദ ഗാർഡിയന്' നൽകിയ അഭിമുഖത്തിൽ ഡെന്നിസ് റോഡ്മൻ പറഞ്ഞപ്പോഴാണ് കിം ജുവേ എന്ന പേര് ലോകം കേൾക്കുന്നത്. ഇപ്പോൾ 13 വയസാണ് കിം ജുവേയ്ക്കെന്നാണ് നിഗമനം. പക്ഷേ അവളുടെ പേര് അത് തന്നെയോ എന്ന കാര്യത്തിൽ ഉത്തരകൊറിയയിൽ നിന്ന് സ്ഥീരികരണമില്ല. റോഡ്മൻ പറഞ്ഞ പേര് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പതിഞ്ഞുപോയി.

2022 നവംബറിലായിരുന്നു ജുവേ ഉത്തരകൊറിയയിൽ ആദ്യമായി പൊതുവേദിയിലെത്തുന്നത്. ഹ്വാസോങ് -17 എന്ന ഭൂഖണ്ഡാന്തര മിസൈൽ ലോഞ്ചിങ്ങിലാണ് പിതാവിനൊപ്പം കിം ജുവേ എത്തിയത്. പിന്നീട് അങ്ങോട്ട് സൈനിക പരേഡുകളിലും ആയുധ പ്രദർശനങ്ങളിലും ജുവേ സ്ഥിര സാന്നിധ്യമായി. കിം ജുവേയുടെ വളർച്ചയും പൊതുപ്രതിച്ഛായയും ശ്രദ്ധാപൂർവം അവതരിപ്പിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും രഹസ്യാത്മകയുള്ള ഭരണകൂടത്തിന്‍റെ അധികാരത്തുടർച്ച കിം ജുവേ ആണെന്ന കൃത്യമായ സന്ദേശമാണ് ബീജിങ്ങിലെ നാടകീയമായ അരങ്ങേറ്റത്തിലുടെ കിം കുടുംബം നൽകുന്നത്. അതിനുമപ്പുറം, കിം കുടുംബം എങ്ങനെ ഉത്തരകൊറിയയിൽ അധികാരം നിലനിർത്തുന്നു എന്ന ലോകത്തിന്‍റെ ചിന്താഭാരത്തെ അധികരിപ്പിക്കുക കൂടി ചെയ്യുന്നു കിം ജുവേ എന്ന അനാവൃത നിഗൂഢത.

SCROLL FOR NEXT