More layoffs at Salesforce; a senior manager let go after 12 years; reports suggest employees in India are also affected. 
WORLD

സെയിൽസ്ഫോഴ്സിൽ വീണ്ടും പിരിച്ചുവിടൽ; 12 വർഷത്തിന് ശേഷം സീനിയർ മാനേജർ പുറത്ത്, ഇന്ത്യയിലെ ജീവനക്കാർക്കും തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ

ഈ പിരച്ചുവിടൽ ഇന്ത്യയിലെ സെയിൽസ്ഫോഴ്സ് ജീവനക്കാരെയും ബാധിച്ചതായാണ് അജ്ഞാത പ്രൊഫഷണൽ ഫോറമായ ബ്ലൈൻ്റിൽ ചില ജിവനക്കാർ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

കാലിഫോർണിയ:ആഗോള സോഫ്റ്റ്‌വെയർ സ്ഥാപനമായ സെയിൽസ്ഫോഴ്സ് പുതിയൊരു പിരിച്ചുവിടൽ നടപടിയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. ഏകദേശം 12 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയിലെ ഒരു സീനിയർ മാനേജർ പങ്കുവെച്ച വൈകാരികമായ ലിങ്ക്ഡ്ഇൻ പോസ്റ്റിന് പിന്നാലെയാണ് ഇക്കാര്യം കൂടുതൽ ചർച്ചയായത്. ഇത് ഇന്ത്യയിലെ സെയിൽസ്ഫോഴ്സ് ജീവനക്കാർക്കും തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെയിൽസ്ഫോഴ്സിലെ ഐടി കംപ്ലയൻസ് ആൻഡ് കണ്ടൻ്റ് സ്ട്രാറ്റജി സീനിയർ മാനേജരായ എമിലി എം ആണ് തൻ്റെയും സഹപ്രവർത്തകരുടെയും ജോലി നഷ്ട്ടമായ വിവരം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പുറത്തുവിട്ടത്. താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലി നഷ്ടമായതിൽ അതീവ ദുഃഖമുണ്ടെന്നും, കൃത്യം 12-ാം വാർഷിക ദിവസം തന്നെ ജോലി നഷ്ടപ്പെട്ടത് വിരോധാഭാസമാണെന്നും അവർ പോസ്റ്റിൽ കുറിച്ചു. ഐടി വിഭാഗത്തിലെ വിവിധ ടീമുകളെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പുതിയ അവസരങ്ങൾ തേടുകയാണെന്നും അവർ വ്യക്തമാക്കി.

ഈ പിരിച്ചുവിടൽ ഇന്ത്യയിലെ സെയിൽസ്ഫോഴ്സ് ജീവനക്കാരെയും ബാധിച്ചതായാണ് അജ്ഞാത പ്രൊഫഷണൽ ഫോറമായ ബ്ലൈൻ്റിൽ ചില ജീവനക്കാർ പറയുന്നത്. സെയിൽസ്ഫോഴ്ന് ഇന്ത്യയുടെ സീനിയർ ടെക്നിക്കൽ സ്റ്റാഫെന്ന് അവകാശപ്പെടുന്ന ഒരാളാണ്, മാനേജരും എച്ച്ആർ പ്രതിനിധിയും പങ്കെടുത്ത യോഗത്തിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട വിവരം അറിയിച്ചതെന്നും, 2027 ഫെബ്രുവരി 1 വരെ നോട്ടീസ് പിരീഡിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം നൽകുന്ന രീതിയായ 'ഗാർഡൻ ലീവ്' അനുവദിച്ചതായും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏകദേശം രണ്ട് മാസത്തെ ഗാർഡൻ ലീവിനൊപ്പം, ജോലി ചെയ്ത കാലാവധിയും ലൊക്കേഷനും അനുസരിച്ച് അധിക ആഴ്ചകളിലെ ശമ്പളവും നഷ്ടപരിഹാരമായി ലഭിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, യുഎസിലെ ജീവനക്കാർക്ക് 30 ആഴ്ച വരെയുള്ള വേതനം നഷ്ടപരിഹാരമായി ലഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും, ഇന്ത്യയിലെ നിബന്ധനകൾ വ്യത്യസ്തമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പരമ്പരാഗത സോഫ്റ്റ്‌വെയർ ബിസിനസ് മോഡലുകളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുതിയ പിരിച്ചുവിടൽ വാർത്തകൾ വരുന്നത്. മുൻപ് എഐയുടെ സ്വാധീനം മൂലം കസ്റ്റമർ സപ്പോർട്ട് ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ കമ്പനി പുനഃസംഘടന നടത്തിയിരുന്നു. എങ്കിലും, സോഫ്റ്റ്‌വെയർ മേഖലയിൽ എഐ വലിയ തകർച്ചയുണ്ടാക്കുമെന്ന ആശങ്കകളെ സിഇഒ മാർക്ക് ബെനിയോഫ് തള്ളിയിട്ടുണ്ട്. നിലവിലെ പിരിച്ചുവിടലിൽ എത്രപേർക്ക് ജോലി നഷ്ടമായെന്നോ, എതൊക്കെ ഭാഗങ്ങളെയാണ് ഇത് ബാധിച്ചിട്ടുള്ളതെന്നോ സെയിൽസ്ഫോഴ്സ് സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT