പോപ്പ് ലിയോ പതിന്നാലാമൻ Source: Social Media
WORLD

"അവര്‍ പല വേഷങ്ങളില്‍ വരും; ആ കള്ളന്മാരെ മറക്കരുത്"; മാര്‍പാപ്പ

Author : ന്യൂസ് ഡെസ്ക്

റോം: യുദ്ധം ചെയ്യുന്നവരും വിഭവങ്ങള്‍ കൈയടക്കുന്നവരും ലോകത്തിന്റെ സമാധാനപൂര്‍ണമായ ഭാവി കവര്‍ന്നെടുക്കുന്ന കള്ളന്മാരാണെന്ന് ലിയോ മാര്‍പാപ്പ. ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ വാര്‍ഷികത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍.

ചെര്‍ണോബില്‍ ദുരന്തം മനുഷ്യരാശിയുടെ മനസാക്ഷിയില്‍ മുറിപ്പാട് അവശേഷിപ്പിച്ചുവെന്ന് തന്റെ പ്രതിവാര പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പത്തുദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷമാണ് ലിയോ മാര്‍പാപ്പയുടെ പ്രസംഗം.

തീരുമാനങ്ങളെടുക്കുന്ന എല്ലാ തലങ്ങളിലും വിവേകത്തിനും ഉത്തരവാദിത്തത്തിനും മുന്‍തൂക്കമുണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നതായും അതുവഴി, ആണവോര്‍ജം ജീവതത്തേയും സമാധാനത്തേയും പിന്തുണക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കപ്പെടട്ടേയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'ആടുകളെ മോഷ്ടിക്കുന്ന കള്ളന്‍' എന്ന ഉപമ അടങ്ങിയ സുവിശേഷത്തെ കുറിച്ച് പറഞ്ഞു കൊണ്ട്, കള്ളന്മാര്‍ പല വേഷങ്ങളില്‍ വരുമെന്നും മുന്നറിയിപ്പ് നല്‍കി.

ഭൂമിയിലെ വിഭവങ്ങള്‍ കൊള്ളയടിച്ചും രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ നടത്തിയും മറ്റേതെങ്കിലും തരത്തില്‍ തിന്മയെ പ്രോത്സാഹിപ്പിച്ചു കൊണ്ടും സമാധാനവും ശാന്തിയും നിറഞ്ഞ ഭാവി നമ്മളില്‍ നിന്ന് തട്ടിയെടുക്കുന്ന ആ കള്ളന്മാരെ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ കൂടുതല്‍ ശക്തമായി സംസാരിക്കാന്‍ തുടങ്ങിയതോടെ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT