ചാർളി കേർക്ക് എന്ന യുവയാഥാസ്തിക രാഷ്ട്രീയക്കാരന്റെ കൊലപാതകത്തിൽ പ്രതിയായ 22 കാരൻ ടൈലർ റോബിൻസൺന്‍റെ മനോനിലയെക്കുറിച്ചും രാഷ്ട്രീയ നിലപാടിനെക്കുറിച്ചും വലിയ ചർച്ചയാണ് ഉയരുന്നത്.. പഠനത്തിൽ മിടുക്കനായിരുന്ന അമേരിക്കൻ മധ്യവർഗ സന്തുഷ്ട കുടുംബത്തിലെ അംഗമായ അയാൾ എന്തിന് ഈ കൃത്യം ചെയ്തു? ആരാണ് ടൈലർ റോബിൻസൺ?
ബുള്ളറ്റ് കേസിങ്ങിലെ ഹേ ഫാഷിസ്റ്റ്, ക്യാച്ച്! എന്ന എഴുത്ത്..... ഇറ്റാലിയൻ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ പ്രതീകമായ ബെല്ല ചാവോ എന്ന ഗാനത്തിന്‍റെ സൂചനകൾ.... (Bella ciao song UP) ചാർളി കേർക്കിനെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന ടൈലർ റോബിൻസണ്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാനുള്ള അന്വേഷണങ്ങളിലെ ആദ്യ പടവുകളാണ് ഈ വിവരങ്ങൾ. അടുത്തകാലത്തായി തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്ക് ടൈലർ എത്തിയതായി എഫ്ബിഐയും പൊലീസും പറയുന്നു. കൊലപാതകത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് ടൈലറെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം നൽകിയത് പിതാവ് മാറ്റ് റോബിൻസണായിരുന്നു. ചാർളിയെ കൊന്നുവെന്ന് പിതാവിനോട് ടൈലർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ടൈലർ റോബിൻസൺ എന്ന 22 കാരനായ പ്രതിയ്ക്ക് ചാർളി കേർക്കിനെ വധിക്കാൻ ഉള്ള കാരണങ്ങളേക്കുറിച്ചുള്ള അന്വേഷണത്തിൽ അയാളെക്കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി പുറത്തവന്നുകൊണ്ടിരിക്കുകയാണ്. ടൈലർ ജെയിംസ് റോബിൻസൺ എന്നാണ് പൂർണമായ പേര്. യൂട്ടായിലെ വാഷിങ്ടണിലെ മധ്യവർഗ കുടുംബത്തിലെ അംഗം. ഭിന്നശേഷിക്കാർക്കായുള്ള സന്നദ്ധസേവന പ്രവർത്തനത്തിലാണ് മാതാവ് ആംബർ റോബിൻസൺ. പിതാവ് മാറ്റ് റോബിൻസൺ മുൻ പൊലീസ് ഉദ്യോസ്ഥനും. വാഷിങ്ടൺ കൌണ്ടിയിലെ (യൂട്ടാ) ഷെരീഫ് ഓഫിസിലെ ഡെപ്യുട്ടി ആയിരുന്നു അദ്ദേഹം. 27 വർഷത്തോളം സെർവീസിലുണ്ടായിരുന്നു.
റിപ്പോർട്ടുകളനുസരിച്ച് ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച കുടുംബമാണ് ടൈലറുടേത്. അവർ തോക്ക് കൈവശം വെച്ചിരുന്നു. ആയുധം കൈവശം വെയ്ക്കാൻ അമേരിക്കൻ പൌരരെ അനുവദിക്കുന്ന രണ്ടാം ഭരണഘടനാഭേദഗതിയെയും അംഗീകരിച്ചിരുന്നവരായിരുന്നു. ടൈലർ റോബിൻസൺ വോട്ടറായിരുന്നുവെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ല. മുൻകാല കുറ്റകൃത്യങ്ങളുടെ രേഖകളൊന്നും ഇല്ലാത്ത ടൈലർ മികച്ചൊരു വിദ്യാർത്ഥികൂടിയായിരുന്നു. ഇയാളുടെ ബിരുദ സ്വീകരണത്തിന്‍റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്. ബിരുദ സ്വീകരണ വേഷത്തിൽ ടൈലറും അമ്മയും ഒരുമിച്ചുള്ള ചിത്രങ്ങളും ലഭ്യമാണ്. 2021 ലാണ് ടൈലർ ബിരുദധാരിയായത്.
അമേരിക്കൻ കോളജ് പ്രവേശന യോഗ്യതാപരീക്ഷയായ എ സി റ്റി യിൽ 34 ആയിരുന്നു ടൈലറുടെ സ്കോർ. ഹൈസ്കൂൾ പഠനത്തിൽ ഗ്രേറ്റ് പോയിന്‍റ് ആവറേജിൽ ടോപ് സ്കോററുമായിരുന്നു. ഉപരിപഠനത്തിന് സ്കോളർഷിപ് ലഭിച്ചതായി അറിയിക്കുന്ന കത്ത് ടൈലർ വായിക്കുന്ന വീഡിയോ അയാളുടെ മാതാവ് ചിത്രീകരിച്ചത് സോഷ്യൽ മീഡിയയിലുണ്ട്.
അതേസമയം ടൈലർ ഒരു സൈനിക റിക്രൂട്ട്മെന്‍റ് പരിപാടിയിൽ ഫിഫ്റ്റി ക്യാലിബർ യന്ത്രത്തോക്കിനൊപ്പം പോസ് ചെയ്യുന്നതിന്‍റെയും ടാങ്ക് വേധ മിസൈൽ ലോഞ്ചർ തോളിലേറ്റി നിൽക്കുന്നതിന്‍റയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്തുഷ്ടമായ ഒരു അമേരിക്കൻ കുടുംബാംഗമായിരുന്ന ടൈലർ, പിതാവിനും കുടുംബാഗങ്ങൾക്കുമൊപ്പം വേട്ടയിലും മറ്റും പങ്കെടുത്തിരുന്നു. കേർക്കിന്‍റെ കൊലപാതകി വേട്ടയിൽ പരിചയമുള്ള ആളെന്ന വിദഗ്ധരുടെ ആദ്യ നിഗമനം ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും ഒന്നാം സെമസ്റ്ററിൽത്തന്നെ ടൈലർ ഡ്രോപ്പൗട്ടായി. യൂട്ടായിലെ കോളജ് പഠനകാലത്തായിരിക്കാം തീവ്രവാദ ആശയങ്ങളിലേക്ക് എത്തിയത്. ഓൺലൈനിൽ നിന്നോ വ്യക്തികളിൽ നിന്നോ ഗ്രൂപ്പുകളിൽ നിന്നോ പ്രചോദിതനായതവാനും ഇടയുണ്ട്. സമീപകാലത്ത് കടുത്ത യാഥാസ്ഥിതിക വിമർശകനായി ടൈലർ മാറി എന്ന് റിപ്പോർട്ടുണ്ട്. കുടുംബവുമൊത്തുള്ല ഒരു അത്താഴവിരുന്നിനിടയിൽ യാഥാസ്ഥിതിക-വലതുപക്ഷ ആശയങ്ങളോടുള്ള കടുത്ത വിദ്വേഷം പ്രകടിപ്പിരുന്നുവത്രെ. ചാർളി കേർക്കിനോടും കടുത്ത വെറുപ്പായിരുന്നു. കേർക്ക് യൂട്ടാ വാലി സർവകലാശാലയിൽ എത്തുന്ന കാര്യവും റ്റൈലർ പരാമർശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.