ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ആണവപദ്ധതിയില്‍ തുടർചർച്ചകളുണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമം തുടരുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.
ഇസ്രയേലിനെതിരെ യുഎൻ ആണവോർജ ഏജൻസി രംഗത്തെത്തി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് ഐഎഇഎ നിർദേശിച്ചു. ആണവകേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചത് ആണവസുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ഏജന്‍സി വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജന്‍സി മുന്നറിയിപ്പ് നൽകി.
മധ്യ ഇറാനിയൻ നഗരമായ ഖോമിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു
പശ്ചിമേഷ്യയിലെ ബദ്ധവൈരികള്‍ തമ്മിലുള്ള പോരാട്ടം ലോകത്തിന് ഒരു തരത്തിലുള്ള സമാധാനവും കൊണ്ടുവരില്ലെന്ന് റഷ്യയും ചൈനയും. ഇറാനെതിരായ സൈനിക നടപടിയെ ഇരു രാജ്യങ്ങളും അപലപിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതും, മേഖലയെ അസ്ഥിരമാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ഇസ്രയേല്‍ എത്രയും വേഗം വെടിനിര്‍ത്തണം. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമത്തിലെ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ സൈനിക നടപടിയെന്നും ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു പ്രതികരണം.
രണ്ടാമത്തെ ഐആർജിസി ഡ്രോൺ യുദ്ധ കമാൻഡറെ വധിച്ചതായി ഇസ്രയേൽ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) യുഎവി യൂണിറ്റിലെ രണ്ടാമത്തെ കമാൻഡറെ വധിച്ചതായാണ് സേന ആവകാശപ്പെടുന്നത്.
കമാൻഡർ അമിൻ പൗർ ജോദ്ഖിയെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്. മുന്‍ കമാന്‍ഡർ താഹർ ഫറിനെ ഐഡിഎഫ് വധിച്ചതിനു പിന്നാലെയാണ് അമിൻ പൗർ ചുമതലയേറ്റത്.
ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്ന ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രയേൽ സൈന്യം. ജനവാസമില്ലാത്ത പ്രദേശത്താണ് ഡ്രോൺ തകർന്നുവീണതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
തിരിച്ചെടുക്കാൻ സാധിക്കാത്ത രീതിയിലാണ് ഇസ്രയേലിന്റെ ആക്രമണം എന്ന് റെജപ് തയ്യിപ് എർദോഗൻ.
ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണം എന്ന് യുഎന്നിലെ ഇറാനിയൻ അംബാസിഡറും ആവശ്യപ്പെട്ടു
ഇറാനിൽ നിന്നുള്ള ഡ്രോൺ ഇസ്രയേലിലെ വീടിനുമേൽ പതിച്ചു. ഇതാദ്യമായാണ് ഒരു ഇറാനിയൻ ഡ്രോൺ പ്രതിരോധം കടന്ന് ഇസ്രയേലിൽ പതിക്കുന്നത്.
വടക്കൻ ഇസ്രയേലിലെ ബെയ്ത് ഷിയാൻ നഗരത്തിലാണ് ആക്രമണമുണ്ടായത്. ഷഹെദ് -136 ഡ്രോണാണ് ഇറാൻ വിക്ഷേപിച്ചത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല.
റെവല്യൂഷണറി ഗാർഡ്സ് വിദേശ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ പലസ്തീൻ കോർപ്‌സിനെ നയിച്ചിരുന്ന സയീദ് ഇസാദി, ഇറാനിയൻ നഗരമായ ഖുമിലെ അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്.
ഈസാർ ഹംസെയെന്ന ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. രണ്ട് ദിവസങ്ങൾക്ക് മുൻപുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ജൂൺ 13ന് ആരംഭിച്ച ആക്രമണങ്ങളിൽ ഇറാനിൽ 400ലധികം ആളുകൾ കൊല്ലപ്പെടുകയും 3,000ത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ഇറാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെ ആക്രമിക്കുമെന്ന് ഇസ്രയേൽ സൈന്യം
ഇറാനിൽ ഇസ്രയേൽ ആക്രമണം കനക്കുന്നു. ഇസ്രയേലിലേക്ക് ഡ്രോണുകൾ വിക്ഷേപിക്കുന്നതിന്റെ ഏഴാമത്തെയും എട്ടാമത്തെയും ഘട്ടങ്ങൾ പൂർത്തിയായതായി ഇറാൻ സൈന്യം പറഞ്ഞതായി ഔദ്യോഗിക ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇറാനിൽ നിന്നുള്ള ഏകദേശം 40 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎസിന് മുന്നറിയിപ്പുമായി ഹൂതികള്‍. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നും ഹൂതികൾ.
ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ബി-2 ബോംബർ. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ അമേരിക്ക പങ്കെടുക്കുമോ എന്ന ചർച്ചകൾക്ക് പിന്നാലെയാണ് പസഫിക് ദ്വീപായ ഗുവാമിലേക്ക് ബി-2 ബോംബർ വിമാനങ്ങൾ എത്തിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇന്ധനം നിറക്കാനുള്ള ടാങ്കറുകളും ഗുവാമിലെ സൈനിക താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു.