യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ലോസ് ഏഞ്ചല്‍സിൽ ഉയർന്ന ജനകീയ പ്രതിഷേധങ്ങള്‍ മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. പാരമൌണ്ടിലെ ലാറ്റിനോ കുടിയേറ്റക്കാർ സമരം ശക്തമാക്കി. ICE ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയും മുട്ടയെറിഞ്ഞുമായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും പെപ്പർ സ്പ്രേയും പ്രയോഗിച്ചു . നാഷണല്‍ ഗാർഡിന്‍റെ ആദ്യ ബാച്ച് ലോസ് ഏഞ്ചല്‍സില്‍ എത്തി .
പാരമൌണ്ടിലെ ഹോം ഡിപ്പോയിലെയും ഫാഷന്‍ ഡിസ്ട്രിക്ടിലെ ടെക്സ്ടൈൽ ഗോഡൌണിലും ICE ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെ തുടർന്നാണ് ലോസ് ഏഞ്ചല്‍സിൽ പ്രക്ഷോഭമാരംഭിച്ചത്.ഗ്രേറ്റർ ലോസ് ഏഞ്ചൽസിലും ഡൗണ്‍ടൗണിലുമായി മൂന്നാം ദിനവും ജനക്കൂട്ടം പ്രതിഷേധം തുടരുകയാണ് . പാരമൌണ്ടിലെ ലറ്റീനോ തൊഴിലാളികൾക്കിടയിൽ ഞായറാഴ്ചയും റെയ്ഡുകള്‍ തുടർന്നതോടെ വീണ്ടും പ്രതിഷേധം ശക്തമായി.
എന്നാൽ വ്യാജരേഖകളുണ്ടാക്കി അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്തെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷന്‍ റെയ്ഡുകള്‍ എന്നാണ് ICE വിശദീകരണം . റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്കുനേരെ പ്രതിഷേധക്കാർ മുട്ടയെറിഞ്ഞു. പൊലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലേറുമുണ്ടായി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് പെപ്പർ സ്പ്രേയും കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. പൊലീസ് നടപടിക്കിടെ റബ്ബർ ബുള്ളറ്റ് കൊണ്ട് മാധ്യമപ്രവർത്തയ്ക്ക് പരിക്കേറ്റു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാരമൌണ്ടില്‍ നിന്ന് പ്രായപൂർത്തിയാകാത്ത 2 പേരടക്കം 8 പേരാണ് അറസ്റ്റിലായത്. ഇതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉത്തരവുപ്രകാരം, നാഷണല്‍ ഗാർഡിന്‍റെ ആദ്യ ബാച്ച് ഗ്രേറ്റർ ലോസ് ഏഞ്ചൽസിലെത്തി. 300 സൈനികരെയാണ് നഗരത്തിന്‍റെ വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത് .
1965 ന് ശേഷം സ്റ്റേറ്റ് ഗവർണറെ മറികടന്ന് പ്രസിഡന്റ് നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത് ഇതാദ്യമായാണ്. നീക്കത്തിനെതിരെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസവും ലോസ് ഏഞ്ചല്‍സ് മേയർ കാരെൻ ബാസും കോടതിയെ സമീപിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍.