Source: X
WORLD

പങ്കാളിക്കൊപ്പം ഖുറാനിൽ കൈവെച്ച് സത്യപ്രതിജ്ഞ; ന്യൂയോർക്ക് മേയറായി അധികാരമേറ്റ് മംദാനി

ചരിത്ര പ്രസിദ്ധമായ മാൻഹട്ടണിലെ സിറ്റി ഹാൾ സബ് വേ സ്റ്റേഷനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ

Author : വിന്നി പ്രകാശ്

ന്യൂയോർക്ക് മേയറായി ഡെമോക്രാറ്റ് നേതാവ് സൊഹ്റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖുർആനിൽ കൈവെച്ചായിരുന്നു സത്യപ്രതിജ്ഞ. അമേരിക്കയിൽ പുതുവർഷം പിറന്ന് നിമിഷങ്ങൾക്കകം വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന ചരിത്ര പ്രസിദ്ധമായ മാൻഹട്ടണിലെ സിറ്റി ഹാൾ സബ് വേ സ്റ്റേഷനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ.

ന്യൂയോർക്കിൻ്റെ പാരമ്പര്യം കാത്തു സൂക്ഷിച്ചായാരിക്കും ഭരണം എന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ മംദാനി പറഞ്ഞു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലൈറ്റീഷ്യ ജെയിംസാണ് ചടങ്ങിന് നേതൃത്വം നൽകിയത്. ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും പദവിയുമാണ് ലഭിച്ചിരിക്കുന്നതെന്നും സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മംദാനി പ്രതികരിച്ചു.

ഉച്ചയ്ക്ക് 1 മണിക്ക് സിറ്റി ഹാളിൽ നടക്കുന്ന പൊതു ചടങ്ങിൽ യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സിൻ്റെ നേതൃത്വത്തിൽ മംദാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് ടിക്കർ-ടേപ്പ് പരേഡുകൾക്ക് പേരുകേട്ട "കാന്യൺ ഓഫ് ഹീറോസ്" എന്നറിയപ്പെടുന്ന ബ്രോഡ്‌വേയുടെ ഒരു ഭാഗത്ത് ഒരു പൊതു ബ്ലോക്ക് പാർട്ടിയായി പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കും.

എഴുത്തുകാരനായ മഹമൂദ് മംദാനിയുടേയും പ്രസിദ്ധ ചലച്ചിത്ര സംവിധായിക മീരാ നായരുടേയും മകനായ സോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാകുന്ന ആദ്യ മുസ്ലീം വംശജൻ കൂടെയാണ്. സ്വതന്ത്ര സ്ഥാനാർഥിയായ മത്സരിച്ച ന്യൂയോർക്ക് മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോർക്ക് മേയറായി വിജയിച്ചത്.

SCROLL FOR NEXT