വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി സമാധാന നൊബേല്‍ ജേതാവും വെനസ്വേലയിലെ പ്രതിപക്ഷ നേതാവുമായ മരിയ കൊരീന മച്ചാഡോ. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് തട്ടിക്കൊണ്ടു പോയി തടവിലാക്കിയതിനു ശേഷം ആദ്യമായാണ് മച്ചാഡോയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്.
കൂടിക്കാഴ്ചയ്ക്കിടയില്‍ തനിക്ക് ലഭിച്ച സമാധാന നൊബേല്‍ പുരസ്‌കാരം മച്ചാഡോ ട്രംപിന് സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. ട്രംപ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
മരിയ കൊരീന മച്ചാഡോയെ കാണാന്‍ സാധിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയ അത്ഭുതകരമായ സ്ത്രീയാണ് അവര്‍ എന്നും ട്രംപ് പറഞ്ഞു.
തന്റെ പ്രവര്‍ത്തികള്‍ക്കുള്ള ഉപഹാരമായി മരിയ അവരുടെ സമാധാന നൊബേല്‍ സമ്മാനിച്ചുവെന്നും പരസ്പര ബഹുമാനത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും കൂടി ട്രംപ് പറയുന്നുണ്ട്. ട്രംപിനോടുള്ള ആദരസൂചകമായി മച്ചാഡോ സമാധാന നൊബേല്‍ കൈമാറിയെന്നാണ് വൈറ്റ് ഹൗസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സമാധാനത്തിനുള്ള നൊബേല്‍ ട്രംപിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മച്ചാഡോ പറഞ്ഞിരുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പുരസ്‌കാരം സമ്മാനമായി നല്‍കുമെന്നും മച്ചാഡോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നൊബേല്‍ പുരസ്‌കാരം പങ്കുവെക്കാനോ റദ്ദാക്കാനോ ആകില്ലെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
നൊബേല്‍ കമ്മിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് മച്ചാഡോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചിരിക്കുന്നത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ട്രംപിന്റെ അതുല്യമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം നല്‍കിയതെന്നാണ് മച്ചാഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഒരു മണിക്കൂറോളം ട്രംപ് മച്ചാഡോ കൂടിക്കാഴ്ച നീണ്ടു നിന്നു. എന്തായിരുന്നു ചർച്ച എന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മച്ചാഡോ പ്രതികരിച്ചില്ല.
ലോക സമാധാനത്തിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന താന്‍ സമാധാന നൊബേല്‍ കിട്ടാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നായിരുന്നു ട്രംപിന്റെ ആദ്യം മുതലുള്ള വാദം. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അടക്കം എട്ടോളം യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചുവെന്നായിരുന്നു ട്രംപിന്റെ വാദം. ഇപ്പോള്‍ ഒടുവില്‍ താന്‍ ആഗ്രഹിച്ച നൊബേലും സ്വന്തം കൈകകളില്‍ ട്രംപ് എത്തിച്ചിരിക്കുകയാണ്.