ലണ്ടൻ: റൈഡ് ഷെയറിങ് കമ്പനിയായ ഊബർ ആഗോളതലത്തിൽ തങ്ങളുടെ 10 ശതമാനം ജീവനക്കാരെ ( 3,300 പേരെ) പിരിച്ചുവിടുന്നു. ഇതോടൊപ്പം തന്നെ നിലവിലെ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ പൂർണമായി നിർത്തലാക്കാനും കമ്പനി തീരുമാനിച്ചു.
കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി സിഇഒ ദാര ഖോസ്രോഷാഹിയാണ് ഈ കർശന നിർദേശങ്ങൾ ജീവനക്കാരെ അറിയിച്ചത്. കമ്പനിയിലെ ആകെയുള്ള ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഇനി പൂർണമായി റിമോട്ട് ജോലി ചെയ്യാൻ അനുവാദമുള്ളൂ.
ബാക്കി എല്ലാ ജീവനക്കാരും ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണം. നിലവിലുള്ള ഹൈബ്രിഡ് പോളിസി പ്രകാരം ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും നിർബന്ധമായും ഓഫീസുകളിൽ ഹാജരാകേണ്ടതുണ്ട്. ഇത് കമ്പനി കർശനമായി നിരീക്ഷിക്കും. മാനേജ്‌മെൻ്റ് തലങ്ങൾ വെട്ടിച്ചുരുക്കുന്നതിൻ്റെ ഭാഗമായി മാനേജർമാരെയും അല്ലാത്തവരെയുമായി മൂവായിരത്തിലധികം ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുന്നത്.
ഇന്ത്യയിലെ ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലുള്ള 200 മുതൽ 250 വരെ ജീവനക്കാരെയും ഇത് ബാധിച്ചിട്ടുണ്ട്. ജീവനക്കാർ ഒന്നിച്ച് ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോൾ കൂടുതൽ മികച്ച ഫലങ്ങൾ ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കൂടാതെ റോബോ ടാക്സി, ഓട്ടോണോമസ് വാഹനങ്ങൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഈ മാറ്റം വഴി കമ്പനിക്ക് സാധിക്കും.