വിശുദ്ധ സ്നാപകയോഹന്നാന്റെ ഓർമത്തിരുന്നാളില്‍ നൃത്തം ചെയ്യുന്ന ജനങ്ങള്‍ Source: X/ @DavidWolf777
WORLD

മെക്സിക്കോയില്‍ ആഘോഷ പരിപാടിക്കിടെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു, 20ഓളം പേർക്ക് പരിക്ക്

ഈരാപ്വാതോ നഗരത്തിലെ മതപരമായ ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്

Author : ന്യൂസ് ഡെസ്ക്

മെക്സിക്കോയിലെ ഗ്വാനാഹ്വാതോയിൽ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ഈരാപ്വാതോ സിറ്റിയില്‍ ആള്‍ക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ 20ഓളം പേർക്കാണ് പരിക്കേറ്റത്. നഗരത്തിലെ മതപരമായ ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.

വിശുദ്ധ സ്നാപകയോഹന്നാന്റെ (St. John the Baptist) ഓർമത്തിരുന്നാളില്‍ ജനങ്ങള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് തൊക്കുധാരികള്‍ വെടിയുതിർത്തത്. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നതിന്റെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വെടിവെപ്പില്‍ 12 പേർ മരിച്ചതായും 20ഓളം പേർക്ക് പരിക്കേറ്റതായും ഈരാപ്വാതോ അധികൃതരും അറിയിച്ചു.

കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ ഗ്വാനാഹ്വാതോയിലെ സാൻ ബാർട്ടോലോ ഡി ബെറിയോസില്‍ വെടിവെപ്പുണ്ടായിരുന്നു. കത്തോലിക്ക പള്ളി നടത്തിയ ആഘോഷ പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

മെക്സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്വാനാഹ്വാതോ, സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണിത്. ഈ വർഷം ഇതുവരെ 1,435 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മറ്റേതൊരു സംസ്ഥാനത്തേക്കാളും ഇരട്ടിയാണിത്.

SCROLL FOR NEXT