ബെർലിൻ: ബഹിരാകാശത്തോളം വലുപ്പമുള്ള അസാധാരണ സ്വപ്നം സഫലമാക്കി ജർമൻ യാത്രിക മിഖേല ബെന്തോസ്. വീൽ ചെയറിൽ ഇരുന്ന് ആദ്യമായി ബഹിരാകാശ യാത്ര നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് മിഖേല.
സ്പേസ് എക്സ് കമ്പനിയിലെ മുൻ ജീവനക്കാരൻ ഹാൻസ് കനിങ്സ്മാനൊപ്പമായിരുന്നു മിഖേലയുടെ യാത്ര. മെക്കാട്രാണിക്സ് എഞ്ചിനീയറായ മിഖേലയും ഹാൻസും ബ്ലൂ ഒറിജിൻ റോക്കറ്റിൽ സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ അതിർത്തി കർമാൻ രേഖ കടക്കുകയും ചെയ്തു.
ഏഴ് വർഷം മുൻപ് മൗണ്ടൻ ബൈക്കിങിനിടെയുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കുപറ്റിയാണ് മിഖേല വീൽ ചെയറിലായത്. ഒരു ബഹിരാകാശ സഞ്ചാരിയാകുക എന്ന തന്റെ സ്വപ്നം സാധ്യമാകുമോ എന്ന് അറിയാൻ, വിരമിച്ച ഒരു ബഹിരാകാശ എഞ്ചിനീയറുമായി മിഖേല ഓൺലൈനിൽ ബന്ധപ്പെട്ടു. പിന്നാലെ ജെഫ് ബെസോസ് സ്ഥാപിച്ച ബഹിരാകാശ ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനുമായി ചേർന്ന് ചരിത്രപ്രസിദ്ധമായ 10 മിനിറ്റ് വിമാനയാത്ര സംഘടിപ്പിക്കാൻ അദ്ദേഹം സഹായിക്കുകയായിരുന്നു.
വളരെ നല്ല അനുഭവമായിരുന്നുവെന്ന് ലാൻഡിങ്ങിന് പിന്നാലെ മിഖേല പറയുന്ന വീഡിയോ ബ്ലൂ ഒറിജിൻ പങ്കുവച്ചു. മുകളിലേക്ക് പോകുന്നതിൻ്റെ ഓരോ ഘട്ടവും താൻ ആസ്വദിച്ചുവെന്നും മിഖേല പറയുന്നുണ്ട്.