WORLD

പലസ്തീനികളെ നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കേണ്ട; ഇസ്രയേല്‍ ആര്‍മിക്ക് നല്‍കി വന്നിരുന്ന സേവനങ്ങള്‍ റദ്ദാക്കി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് സര്‍വീസുകളും ഉപയോഗിച്ചാണ് ഇസ്രയേല്‍ പലസ്തീന്‍കാരുടെ ഫോണ്‍ ചോര്‍ത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീന്‍കാരുടെ മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന് നല്‍കി വന്നിരുന്ന ചില സേവനങ്ങള്‍ അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ക്ലൗഡ് സര്‍വീസുകളും ഉപയോഗിച്ചാണ് ഇസ്രയേല്‍ പലസ്തീന്‍കാരുടെ ഫോണ്‍ സന്ദേശങ്ങളുടെ വിവരങ്ങളടക്കം ചോര്‍ത്തിയത്. ഈ സേവനങ്ങളാണ് മൈക്രോസോഫ്റ്റ് റദ്ദാക്കിയത്. ഓഗസ്റ്റില്‍ യുകെയുടെ ഗാര്‍ഡിയന്‍ പത്രത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കമ്പനി നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് ബോധ്യമായതോടെ മൈക്രോസോഫ്റ്റ് നടപടിയെടുക്കുകയായിരുന്നു.

അതേസമയം നിരവധി പേര്‍ മൈക്രോസ്ഫ്റ്റ് ഇസ്രയേല്‍ ആര്‍മിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു. ഇതേ പ്രശ്‌നം ചൂണ്ടിക്കാണിച്ച് പ്രതിഷേധിച്ചവരെ പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് മാസത്തില്‍ മാത്രം നാല് പേരെയാണ് പുറത്താക്കിയത്. എന്നാല്‍ മൈക്രോസോഫ്റ്റ് ഈ വാദങ്ങള്‍ നിരസിക്കുകയാണ് ചെയ്തത്.

ജനങ്ങളെ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനുമായി തങ്ങളുടെ സോഫ്റ്റ്‌വെയറിനെയോ സാങ്കേതിക വിദ്യയെയോ ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. അതേസമയം ഇസ്രയേലിന് നല്‍കി വരുന്ന സുരക്ഷാ സേവനം തുടരുകയും ചെയ്യും.

SCROLL FOR NEXT