Source : X
WORLD

ഇറാൻ യുദ്ധം, കുടിയേറ്റ നയങ്ങൾ; ട്രംപിനെതിരെ തെരുവിലിറങ്ങി ജനം, പ്രതിഷേധമറിയിച്ച് 'നോ കിംഗ്സ്' റാലികൾ

ലാറ്റിമേരിക്കൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലുമെല്ലാം ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങി

Author : ന്യൂസ് ഡെസ്ക്

മിനസോട്ട: യുഎസ്- ഇസ്രയേൽ സഖ്യത്തിൽ ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാകുകയാണ്. പ്രതിരോധത്തിനും ശക്തിയറിയിക്കാനും ഇറാൻ ഗൾഫ് രാജ്യങ്ങളെക്കൂടി ആക്രമിച്ചതോടെ പശ്ചമിമേഷ്യയിൽ ജനങ്ങൾ യുദ്ധഭീതിയിലാണ് ജീവിക്കുന്നത്. ഇറാനിലെ യുദ്ധത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കുമെതിരെ ശനിയാഴ്ച യുഎസിലും യൂറോപ്പിലും "നോ കിംഗ്സ്" റാലികൾ സംഘടിപ്പിച്ചാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. ലാറ്റിമേരിക്കൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലുമെല്ലാം ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങി.

സെന്റ് പോളിലെ മിനസോട്ട കാപ്പിറ്റോൾ പുൽത്തകിടിയിലും ചുറ്റുമുള്ള തെരുവുകളിലും ആയിരക്കണക്കിന് ആളുകൾ തോളോട് തോൾ ചേർന്ന് നിന്നു. ചിലർ തലകീഴായി യുഎസ് പതാകകൾ പിടിച്ചാണ് പ്രതിഷേധം അറിയിച്ചത്.'സ്ട്രീറ്റ്സ് ഓഫ് മിനിയാപൊളിസ്' ഗാനത്തിന്റെ സൃഷ്ടാവ് ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ഫെഡറൽ ഏജന്റുമാർ റെനി ഗുഡിനെയും അലക്സ് പ്രെറ്റിയെയും വെടിവച്ചുകൊന്നതിനുള്ള പ്രതികരണമായും, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയമം നടപ്പാക്കലിനെതിരെ ശൈത്യകാലത്ത് തെരുവിലിറങ്ങിയ ആയിരക്കണക്കിന് മിനസോട്ടക്കാർക്ക് ആദരാഞ്ജലി നേർന്നാണ് അദ്ദേഹം 'സ്ട്രീറ്റ്സ് ഓഫ് മിനിയാപൊളിസ്' എന്ന ഗാനം രചിച്ചത്.

ട്രംപിന്റെ നയങ്ങൾക്കെതിരെ നോ കിംഗ്സ് പ്രതിഷേധ റാലികൾ മുൻപും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണിൽ 5 ദശലക്ഷത്തിലധികം ആളുകളും ഒക്ടോബറിൽ 7 ദശലക്ഷത്തിലധികം ആളുകളും നോ കിംഗ്സ് റാലികളിൽ പങ്കെടുത്തതായാണ് കണക്കുകൾ. കഴിഞ്ഞ ദിവസത്തെ റാലിയിൽ ഒൻപത് ദശലക്ഷം ആളുകൾ എത്തിച്ചേർന്നിരിക്കാം. കണക്കാക്കുന്നു എന്നാണ് സംഘാടകർ പറയുന്നത്. ഭരണകൂടത്തിന്റെ ആക്രമണാത്മക കുടിയേറ്റ നയങ്ങൾ, , ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ റദ്ദാക്കൽ, ഇപ്പോൾ ഇറാനിലെ യുദ്ധവും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ട്രംപിനെതിരെ ഉയർത്തുന്ന പരാതികൾ നിരവധിയാണ്.

SCROLL FOR NEXT