ഒരാഴ്ച മുമ്പ് കാണാതായ ഓസ്ട്രിയൻ ബ്യൂട്ടി വ്ളോഗർ സ്റ്റെഫാനി പീപ്പർ മരിച്ച നിലയിൽ. വെള്ളിയാഴ്ച സ്ലോവേനിയൻ വനത്തിൽ നിന്നും ഒരു സ്യൂട്ട്കേസിൽ അടച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പീപ്പറിൻ്റെ മുൻ കാമുകൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്റ്റെഫാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് 31കാരനായ കാമുകൻ പൊലീസിൽ മൊഴി നൽകി.
ഒരു ഫോട്ടോ ഷൂട്ടിനായി സ്റ്റെഫാനിയെ ബന്ധപ്പെടാൻ സാധിക്കാതെ ഇരുന്നതോടെയാണ് ഇവരെ കാണാതായതായി ബന്ധുക്കളും സുഹൃത്തുക്കളും പരാതി നൽകിയത്. ഒരു ക്രിസ്മസ് പാർട്ടിയിൽ വെച്ചായിരുന്നു സുഹൃത്തുക്കൾ സ്റ്റെഫാനിയെ അവസാനമായി കണ്ടതെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കൾക്ക് സ്റ്റെഫാനി ആരോ തന്നെ പിന്തുടരുന്നതായും അയാൾ വീടിൻ്റെ പടിക്കെട്ടിലുണ്ടെന്നും വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. സ്റ്റെഫാനിയുടെ മുൻ കാമുകനെ കെട്ടിടത്തിൽ കണ്ടുവെന്നും തർക്കം കേട്ടതായും അയൽക്കാർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പീപ്പിൾ മാഗസിനും റിപ്പോർട്ട് ചെയ്തു.
സ്റ്റെഫാനിയെ കാണാതായതായി റിപ്പോർട്ട് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മുൻ കാമുകൻ കുറ്റം സമ്മതിച്ചത്. സ്ലോവേനിയൻ അധികൃതർ ഇയാളെ ഓസ്ട്രിയയിലേക്ക് നാടുകടത്തുകയും ചെയ്തു . ഇയാൾക്കൊപ്പം സഹോദരനെയും രണ്ടാനച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സ്റ്റെഫാനിയെ കൊലപ്പെടുത്തുവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.