ടെഹ്റാൻ: ഫെബ്രുവരി 28ന് നടന്ന ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പുറമെ മകനും നിലവിലെ പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയിക്ക് പരിക്കേറ്റിരുന്നതായി സ്ഥിരീകരണം. മൊജ്തബ ഖമനേയിക്ക് ബോംബാക്രമണത്തിൽ പരിക്കേറ്റിരുന്നതായി സൈപ്രസിലെ ഇറാൻ അംബാസഡർ ബുധനാഴ്ച ദി ഗാർഡിയനോട് പറഞ്ഞു.
"മൊജ്തബ ഖമനേയിയും അവിടെ ഉണ്ടായിരുന്നു. ആ ബോംബാക്രമണത്തിൽ അദ്ദേഹത്തിനും പരിക്കേറ്റു, പക്ഷേ വിദേശ വാർത്തകളിൽ അത് പ്രതിഫലിച്ചതായി ഞാൻ കണ്ടില്ല. അദ്ദേഹത്തിൻ്റെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റതിനാൽ അദ്ദേഹം ആശുപത്രിയിലാണ്. മൊജ്തബ ഖമനേയിക്ക് ഒരു പ്രസംഗം നടത്താൻ മാത്രം സുഖകരവുമല്ല കാര്യങ്ങൾ," അംബാസഡർ അലിറേസ സലാരിയൻ പറഞ്ഞു. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും പുരോഹിതൻ ജനങ്ങൾക്ക് മുന്നിൽ ഹാജരാകുകയോ വീഡിയോ സന്ദേശമോ പങ്കിടാത്തതിന് കാരണം ഇതാണെന്നും സൈപ്രസിലെ ഇറാൻ അംബാസഡർ വിശദീകരിച്ചു.
ടെഹ്‌റാനിലെ പ്രസിഡൻഷ്യൽ സമുച്ചയത്തിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആദ്യ ദിവസം തന്നെ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. റമദാൻ പത്താം ദിവസമായിരുന്നു അത്. ആക്രമണം നടക്കുമ്പോൾ അലി ഖമനേയിക്ക് പുറമെ മൊജ്തബയുടെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നാലെ പരമോന്നത നേതാവും ഭാര്യയും മകളും മരുമകനും മകളുടെ 14 മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
ആയത്തുള്ള അലി ഖമനേയിക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന അതേ സ്ഥലത്താണ് താമസിച്ചിരുന്നതും. ദി ഗാർഡിയൻ്റെ റിപ്പോർട്ട് പ്രകാരം,പുതിയ പരമാധികാരി മൊജ്തബ ഖമനേയി വധശ്രമം ഭയന്ന് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ അകന്നു നിൽക്കുകയാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.