ടെഹ്റാൻ: ഇറാനിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ഭരണകൂട നടപടിയിൽ 16500 ലധികം പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് മാധ്യമമായ ദ സൺഡേ റ്റൈംസ് റിപ്പോർട്ട് പ്രകാരം മൂന്ന് ലക്ഷത്തി മുപ്പതിനായിരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഇറാനിയൻ ഡോക്ടർമാരുടെ നെറ്റ്വർക്കിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്ന് മാധ്യമങ്ങൾ അവകാശപ്പെടുന്നു.
കൊല്ലപ്പെട്ട ആളുകളിൽ ഭൂരിപക്ഷവും 30 വയസിൽ താഴെയുള്ളവരാണ്. കുട്ടികളും ഗർഭിണികളും അടക്കം കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്രയധികം ആളുകൾ കൊല്ലപ്പട്ടത് രണ്ട് ദിവസക്കാലയളവിലാണ്. അതായത് പ്രക്ഷോഭം രാജ്യമെങ്ങും പടർന്നുപിടിച്ചതിന് ശേഷം ഇന്‍റർനെറ്റ് നിരോധിച്ച ജനുവരി 8 കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ. ഇറാനിലേക്ക് ഒളിച്ചുകടത്തിയ സ്റ്റാർലിങ്ക് ഇൻറർനെറ്റ് ടെർമിനലുകൾ വഴിയാണ് ഡോക്ടർമാർ വിവരങ്ങൾ മാധ്യമങ്ങൾക്കെത്തിച്ചത്.
മൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാനിയൻ സൈന്യത്തിലെ സമുന്നത വിഭാഗമായ വിപ്ലവ സംരക്ഷണ സേനാ ദലവും അതിന്‍റെ അർധ സൈനിക വിഭാഗമായ ബസീജ് ഫോഴ്സുമാണ് പ്രധാനമായും പ്രക്ഷോഭകരെ നേരിട്ടത്. പരിക്കേറ്റവർക്ക് രക്തം നൽകാൻ സുരക്ഷാ സൈന്യം പലപ്പോഴും അനുവദിച്ചില്ലെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. ആശുപത്രി ജീവനക്കാർ പലർക്കും രക്തം നൽകി. ചികിത്സ നിഷേധിക്കപ്പെട്ടതുമൂലം നിരവധിയാളുകൾ മരിച്ചു.
പ്രക്ഷോഭകരിൽ ഏറെപ്പേർക്കും കണ്ണിനാണ് പരിക്കേറ്റിരുന്നതെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. ആയിരത്തോളം പേർക്ക് കണ്ണിൽ പെല്ലെറ്റ് തറച്ച് കാഴ്ച നഷ്ടമായതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. എന്നാൽ ഇതിലധികം ആളുകൾക്ക് കാഴ്ച നഷ്ടമായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. പൊലീസിനെയും സൈന്യത്തെയും ഭയന്ന് പലരും ചികിത്സ തേടിയിട്ടില്ല.
കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ വിവരങ്ങൾ ഇതിനോടകം പുറത്തുവന്നു തുടങ്ങിയിരിക്കുകയാണ്. റേഡിയോളജിസ്റ്റായ 54കാരി മോന ഹൊസൈനി, ദാവൂദ് ജലീൽ എന്ന യുവാവ്, 23 കാരനായ അരിയാമ അർജാമൻഡി, ഇറാൻ യൂത്ത് തായ്ക്വോൺഡോ മുൻ റ്റീമംഗങ്ങളായ അമീർ ഹൊസെയ്ൻ ഷെകാരി, അമീർ മൊഹമ്മദ് കറാമി, അബ്ദൊൾഫസൽ ഹെയ്ദരി മൗസെലു എന്ന പതിനാറുകാരൻ, 18 കാരനായ ബോക്സർ അർഷിയ അഹ്മദ്പോർ തുടങ്ങി കൊല്ലപ്പെട്ട ചില ആളുകളുടെ വിവരങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
അതേസമയം പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തു എന്ന ആരോപണം നിഷേധിക്കുകയാണ് ഇറാ നിയൻ ഭരണകൂടം. എന്നാൽ ഇറാനിയൻ ഭരണകൂടത്തിനെതിരായി ലോകമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ജപ്പാനിൽ ഇറാനിയൻ വംശജർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തി. യുഎസിലും ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധ റാലി നടന്നു. തുടക്കത്തിൽ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ ഉയർത്തിക്കാട്ടി ആരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ ഇറാനിയൻ ഭരണകൂടം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധമായി മാറുകയായിരുന്നു.