റോം: ഇറ്റലിയിലെ പർവതാരോഹകരുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു മഞ്ഞുപുതച്ച മൗണ്ട് എറ്റ്‌ന. നിരന്തരം അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടാകുകയും അപകടം പതിയിരിക്കുകയും ചെയ്യുന്ന മേഖലയിൽ അതീവ ജാഗ്രതയോടെയാണ് പർവതാരോഹണം.
ഇറ്റലിയിലെ സിസിലിയിൽ എത്തുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് മൗണ്ട് എറ്റ്‌ന സമ്മാനിക്കുന്നത്. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം വൻതോതിൽ ചാരവും ലാവയും വമിച്ച് കൊണ്ടിരിക്കുമ്പോഴും, പ്രകൃതിയുടെ വിസ്മയക്കാഴ്ച കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവതത്തിന് താഴെയായി സഞ്ചാരികൾക്ക് സ്കീയിംഗ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനാകും.
രണ്ട് ദിവസം മുൻപ് വരെയും എറ്റ്‌നയിൽ അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടായിരുന്നു. നേരിയ ഭൂചലനങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതത്തിൻ്റെ മുകൾഭാഗം ഉൾപ്പടെയുള്ള ക്രേറ്ററുകളിൽ നിന്ന് വൻതോതിൽ ലാവയും ചാരവും പുറത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു.
അത്യന്തം അപകടകരമായ സാഹചര്യമായതിനാൽ, അധികൃതർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ മേഖലയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏകദേശം 3000 മീറ്റർ ഉയരം വരെ പോകാൻ മാത്രമേ നിലവിൽ സഞ്ചാരികൾക്ക് അനുമതിയുള്ളൂ. വിദഗ്ധരായ ഗൈഡുകളുടെ സഹായം വേണമെന്നത് നിർബന്ധമാണ്. മഞ്ഞും തണുപ്പും ചൂടും ഒത്തുചേരുന്ന ഈ അപൂർവ പ്രതിഭാസം കാണാൻ ഫോട്ടോഗ്രാഫർമാരും സാഹസികത ഇഷ്ടപ്പെടുന്നവരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.