WORLD

''റോഹിംഗ്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തി''; വിധി പറഞ്ഞ് യുഎൻ കോടതി

ക്ലിയറൻസ് ഓപ്പറേഷൻ എന്ന പേരിൽ സുരക്ഷാസേന ഏകദേശം 10,000 റോഹിംഗ്യൻ സാധാരണക്കാരെ കൊലപ്പെടുത്തിയെന്നും അത് തെളിവുകൾ വ്യക്തമാക്കുന്നുണ്ടെന്നും യുഎൻ കോടതി

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: റോഹിംഗ്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). വടക്കൻ റാഖൈനിൽ 2017 ഓഗസ്റ്റിൽ നടത്തിയ സൈനിക നീക്കത്തിനിടെയുണ്ടായ സംഭവത്തിലാണ് കോടതി വിധി. വംശഹത്യ തടയുന്നതിനുള്ള ഉടമ്പടിയുടെ വ്യാഖ്യാനത്തിലും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയുടെ പരിഗണനയിലുള്ള മറ്റ് കേസുകളിലും നിർണായക സ്വാധീനം ചെലുത്തിയേക്കാവുന്ന വിധിയാണിത്.

''റിപ്പബ്ലിക് ഓഫ് ദി യൂണിയൻ ഓഫ് മ്യാൻമർ വടക്കൻ റാഖൈൻ സംസ്ഥാനത്തെ റോഹിംഗ്യൻ വിഭാഗത്തിനെതിരെ വംശഹത്യ നടത്തി. വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഉടമ്പടി പ്രകാരമുള്ള ബാധ്യതകൾ ലംഘിച്ചതായി ഇതിലൂടെ വ്യക്തമായി.''- കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകൃത്യങ്ങൾ വംശഹത്യയുടെ പരിധിയിൽ വരുമോ എന്ന് തീരുമാനിക്കാൻ ഒരു ജനവിഭാഗത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നത് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.

"ലഭ്യമായ എല്ലാ തെളിവുകളും ഒരുമിച്ച് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, വടക്കൻ റാഖൈൻ സംസ്ഥാനത്തെ റോഹിംഗ്യൻ ജനതയുടെ ഗണ്യമായ ഒരു ഭാഗത്തെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തിലുള്ള നടപടിയാണ് നടന്നത്. ഇത് മാത്രമേ ന്യായമായും അനുമാനിക്കാൻ കഴിയൂ."

''ക്ലിയറൻസ് ഓപ്പറേഷൻ എന്ന പേരിൽ നടത്തിയ നീക്കത്തിൽ സുരക്ഷാസേന ഏകദേശം 10,000 റോഹിംഗ്യൻ സാധാരണക്കാരെ കൊലപ്പെടുത്തി. അത് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ഇത് 8,15,000 ജനസംഖ്യയുടെ 1.2 ശതമാനം വരും.'' - വിധി പ്രസ്താവന വായിച്ചുകൊണ്ട് കോടതി പ്രസിഡന്റ് യുജി ഇവാസാവ വ്യക്തമാക്കി.

ന്യൂനപക്ഷമായ മുസ്ലിം ജനതയ്‌ക്കെതിരെ സൈന്യം വ്യാപകമായ ബലാത്സംഗവും മറ്റ് ലൈംഗികാതിക്രമങ്ങളും നടത്തിയതായും കോടതി കണ്ടെത്തി. "സൈനിക നീക്കത്തിനിടെ നടന്ന ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി ആ ജനവിഭാഗത്തിന്റെ പ്രത്യുത്പാദന ശേഷിയെ തകർക്കുന്നതാണ്. ശാരീരികമായും മാനസികമായും ആഘാതമേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ്"- വിധിന്യായത്തിൽ പറയുന്നു.

SCROLL FOR NEXT