ഇന്ത്യയുടെ ശുഭാൻഷു ശുക്ലയെയും മറ്റ് മൂന്ന് പേരെയും വഹിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്സിയം-4 ദൗത്യം ജൂൺ 25 വിക്ഷേപിക്കുമെന്ന് നാസ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നാണ് ആക്സിയം-4ൻ്റെ വിക്ഷേപണ സമയം തീരുമാനിച്ചിട്ടുള്ളത്. ജൂൺ ആദ്യ വാരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന വിക്ഷേപണം വൈകാൻ റോക്കറ്റിൽ കണ്ടെത്തിയ പ്രശ്നങ്ങളും, പ്രതികൂല കാലാവസ്ഥയും കാരണമായി. ഇതോടെ ഏഴ് തവണയാണ് ദൗത്യം മാറ്റിവെക്കേണ്ടിവന്നത്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്നാണ് വിക്ഷേപിക്കുന്നത്. ശുക്ലയെ കൂടാതെ പോളണ്ട്, ഹംഗറി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരും ദൗത്യത്തിലുണ്ട്. എല്ലാ ക്രൂ അംഗങ്ങളും നിലവിൽ പ്രീ-ഫ്ലൈറ്റ് ക്വാറൻ്റൈനിലാണ്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാലയളവിൽ 60-ലധികം ശാസ്ത്ര പരീക്ഷണങ്ങൾ, പഠനങ്ങൾ, ഔട്ട്റീച്ച് പ്രവർത്തനങ്ങൾ എന്നിവ ദൗത്യം ആസൂത്രണം ചെയ്തിട്ടുണ്ട്.
രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനാണ് 39-കാരനായ ശുഭാൻഷു ശുക്ല തയ്യാറെടുക്കുന്നത്. സുഖോയ് 30 MKI, മിഗ് 21, മിഗ് 29, ജാഗ്വാർ, ഹോക്ക്, ഡോർണിയർ 228, എഎൻ 32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൽ ഏകദേശം 2000 മണിക്കൂർ പറക്കൽ പരിചയമുള്ള പരിചയ സമ്പന്നനായ ടെസ്റ്റ് പൈലറ്റാണ് ശുഭാൻഷു ശുക്ല.
ആക്സിയം സ്പേസ്, നാസ, സ്പേസ് എക്സ്, ഐഎസ്ആർഒ എന്നിവരുടെ സംയുക്ത പരിശ്രമമാണ് ആക്സിയം -4 ദൗത്യം. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ,മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.
ദൗത്യത്തിൻ്റെ ആദ്യ വിക്ഷേപണ തീയതി മെയ് 29 നായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ജൂൺ 8 ലേക്ക് ദൗത്യം മാറ്റിവെച്ചു. പിന്നീട് ഫാൽക്കൺ -9 റോക്കറ്റിന്റെ ബൂസ്റ്ററിലെ ദ്രാവക ഓക്സിജൻ ചോർച്ചയെത്തുടർന്ന് തീയതി ജൂൺ 10 നും ജൂൺ 11 നും മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജൂൺ 19ന് വിക്ഷേപണം നിശ്ചയിച്ചിരുന്നു. പീന്നീട് ദാത്യം വിണ്ടും മാറ്റുകയായിരുന്നു.