ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസം ഉറപ്പാക്കാനുള്ള വിപുലമായ പദ്ധതികൾക്ക് തുടക്കമിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാനാണ് ഇത് സംബന്ധിച്ച വിശദംശങ്ങൾ പുറത്തുവിട്ടത്. ബഹിരാകാശ മേഖലയിൽ അമേരിക്കൻ ആധിപത്യം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത് .
ഭാവിയിലെ ബഹിരാകാശ പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കുന്നത് ലൂണാർ ബേസ് പദ്ധതിയായിരിക്കുമെന്നാണ് വിലയിരുത്തൽ.ചന്ദ്രനിലെ പ്രവർത്തനങ്ങൾക്കും മറ്റുമായി ആണോവോർജത്തെ ആശ്രയിക്കാനും നാസ പദ്ധതിയിടുന്നുണ്ട്. ലൂണാർ ബേസ് കൂടുതൽ തൊഴിലവസരങ്ങൾ നിർമിക്കുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
നിലവിൽ ആസൂത്രണം നടന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ ആരംഭിക്കുമെന്നും ഐസക്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രോപരിതലത്തിലേക്കുള്ള തിരിച്ചുവരവ്, ദീർഘകാലത്തേക്കുള്ള ഹ്യൂമൻ ഓപ്പറേഷൻസ് എന്നിവയും ലൂണാർ ബേസ് ലക്ഷ്യമിടുന്നു.
ആഗോളതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കണ്ടെത്തലുകളുടെ വേഗതയും വ്യാപ്തിയും കൂട്ടാൻ ലൂണാർ ബേസ് സഹായിക്കുമെന്നും നാസ പ്രതീക്ഷിക്കുന്നു. സ്ഥിരമായി അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവുന്നത് ഗവേഷണത്തിൽ ഗണ്യമായ പുരോഗതിയും നവീകരണവും വേഗത്തിലാക്കാൻ സഹായിക്കുമെന്ന വിശ്വാസവും ഐസക്മാൻ പങ്കുവെച്ചു.
തുടർച്ചയായ മനുഷ്യ സാന്നിധ്യത്താൽ പുതിയ സംവിധാനങ്ങൾ കൂടുതൽ വാണിജ്യ പദ്ധതികൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുമെന്നും നാസ വിഭാവനം ചെയ്യുന്നു. സാമ്പത്തിക മുൻഗണനകളും ഈ ശ്രമങ്ങളുടെ ഭാഗമാണ്. ബഹിരാകാശ പ്രവർത്തനങ്ങളിൽ അമേരിക്കയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഗവേഷണത്തിനുള്ള പുതിയ വഴികൾ വികസിപ്പിക്കാനും ഈ സംരംഭങ്ങൾ സഹായിക്കുമെന്ന് നാസ കരുതുന്നത്.