നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്, 142 ഇന്ത്യക്കാരുമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേരളത്തില്‍ നിന്നും നേപ്പാളിലെത്തിയ 38 സംഘം സുരക്ഷിതരാണെന്ന് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി അറിയിച്ചു. ഇന്ത്യയില്‍ മുന്‍കരുതലിന്റെ ഭാഗമായി അതിർത്തി സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കുകയും, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയാന്‍ കണ്‍ട്രോള്‍ റൂമും തുറന്നു.
ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. അതില്‍ 105 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും 37 പേര്‍ പ്രവാസി ഇന്ത്യക്കാരുമാണ്. ബാക്കിയുള്ളവര്‍ ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നേപ്പാളില്‍നിന്ന് 93 സഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്.
പത്ത് ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതില്‍ മാറ്റങ്ങളുണ്ടാകാമെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. അടിയന്തര സഹായത്തിന് 1234, 1144 എന്നീ ടോള്‍ ഫ്രീ നമ്പരുകളിലോ ടൂറിസ്റ്റ് പൊലീസിന്റെ 9851289445 നമ്പരിലോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാള്‍ ദുരന്തത്തില്‍ സഹായത്തിനായി ഇന്ത്യയും കണ്‍ട്രോള്‍ റൂം തുറന്നു. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയാന്‍ +977 985 131 6807, +977 970 910 7500 നമ്പരുകളില്‍ വിളിക്കാം.
നേപ്പാള്‍ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികളിലും മുന്‍കരുതല്‍ ശക്തമാക്കി. ബിഹാർ, ഉത്തർപ്രദേശ് നദീ തീരങ്ങളിൽ നിന്ന് 5000 പേരെ മാറ്റിപ്പാർപ്പിച്ചു. പശ്ചിമ ചമ്പാരൻ, മഹാരാജ് ഗഞ്ച്, ഖുഷി നഗർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിര്‍ദേശമുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉന്നതതല സമിതികളെ രൂപീകരിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്‌ഡിആര്‍എഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കലുകളും നടക്കുന്നത്. നേപ്പാളിന് അടിയന്തര സഹായമായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും എത്തിച്ചു. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് അറിയിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് കുത്തിയൊഴുകിയെത്തിയ ജലം നേപ്പാളിലെ ഏതാനും ഗ്രാമങ്ങളെ തുടച്ചുനീക്കിയത്. ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോഷി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് വലിയ മഞ്ഞുമല അടർന്നു വീണതാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്. നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി.