WORLD

ശാന്തമാകാതെ നേപ്പാൾ; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രക്ഷോഭകർ; പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

രണ്ടു ദിവസത്തിനിടെ ഒലി സർക്കാരിലെ മൂന്ന് മന്ത്രിമാരാണ് രാജിവച്ചത്

Author : ന്യൂസ് ഡെസ്ക്

കാഠ്‌മണ്ഡു: നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം നീക്കിയിട്ടും ജെൻസി പ്രക്ഷോഭം ആളിപ്പടരുന്നു. പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ നേപ്പാളിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തി. വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ടു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ന്യൂ ബനേശ്വറിലെ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് തമ്പടിച്ചതോടെ കനത്ത സുരക്ഷയാണ് പാർലമെൻ്റിന് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധം ശക്തമായതോടെ നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പിന്നാലെ കൃഷിമന്ത്രി രാംനാഥ് അധികാരിയും, ആരോ​ഗ്യമന്ത്രിയും രാജിവച്ചു. ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നത് കണക്കിലെടുത്ത് കാഠ്മണ്ഡുവിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രണ്ടു ദിവസത്തിനിടെ സർക്കാരിലെ മൂന്ന് മന്ത്രിമാരാണ് രാജിവച്ചത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തി. "സർക്കാരിലെ കൊലപാതകികളെ ശിക്ഷിക്കൂ, കുട്ടികളെ കൊല്ലുന്നത് നിർത്തൂ" എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. കൊല്ലപ്പെട്ട യുവാക്കൾക്ക് നീതി ലഭിക്കണമെന്നും നിലവിലെ സർക്കാർ രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഹിറ്റ്‌ലറെപ്പോലെയാണ് കെ.പി. ഒലി സർക്കാർ പ്രവർത്തിക്കുന്നത്. ഈ സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം കാലം യുവാക്കളും വിദ്യാർഥികളും കഷ്ടപ്പെടുന്നത് തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. 19 പേരുടെ മരണത്തിനിടയാക്കിയ പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് നേപ്പാളി കോൺഗ്രസ് ജനറൽ സെക്രട്ടറി ഗഗൻ താപ്പയും ആവശ്യപ്പെട്ടു.

SCROLL FOR NEXT