നേപ്പാളില്‍ രൂക്ഷമാകുന്ന ജെന്‍ സി പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ വീടിന് തീവെക്കുകയും ഇതിനകത്തുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തു മരിച്ചെന്നുമാണ് റിപ്പോർട്ട്.
പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളെയും മന്ത്രിമാരെയും അടക്കം ആക്രമിക്കുകയും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നതിനിടെയാണ് മുന്‍ പ്രധാനമന്ത്രിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായത്. ഖബര്‍ ഹബ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ചിത്രകാറിനെ പ്രതിഷേധക്കാര്‍ വീട്ടില്‍ തടഞ്ഞു വെക്കുകയും തുടര്‍ന്ന് വീടിന് തീവെക്കുകയുമായിരുന്നുവെന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണഅ ഝലനാഥ് ഖനാല്‍.
അതേസമയം നേതാക്കളെ രാജ്യം വിടാന്‍ സഹായിച്ചതില്‍ പ്രതിഷേധിച്ച് സിമ്രിക് എയര്‍ലൈനിന്റെ കെട്ടിടത്തിന് പ്രക്ഷോഭകര്‍ തീയിട്ടു. ഉച്ചയോടെ രാജിവച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ജനകീയ പ്രതിഷേധം ഭയന്ന് രാജ്യം വിട്ടു. സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം രാജ്യം വിട്ടത്. പ്രതിഷേധക്കാര്‍ മന്ത്രിമാരെ ഉള്‍പ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേവൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിഷേധക്കാരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമാണ് ദേവൂബ.
നേപ്പാള്‍ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മര്‍ദനമേറ്റു. പ്രതിഷേധക്കാര്‍ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. പൗഡേലിന്റെ ഭാര്യയ്ക്കും മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഷേര്‍ ബഹാദൂര്‍ ദേവൂബയുടെ ഭാര്യയ്ക്കും വിദേശകാര്യ മന്ത്രിയായ അര്‍സു റാണ ദേവൂബയ്ക്കും പരിക്കേറ്റിട്ടുണ്ട്.
നേരത്തെ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെയും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെയും സ്വകാര്യ വസതികള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. പ്രതിഷേധക്കാര്‍ നേപ്പാളി പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറി കെട്ടിടത്തിനും തീയിട്ടു. പ്രസിഡന്റിന്റെ വസതിക്ക് പുറത്തുകൂടി ജനങ്ങള്‍ ചുറ്റിനടന്ന് അത് നശിപ്പിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു.
മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ എന്ന പ്രചണ്ഡ, ഊര്‍ജ്ജ മന്ത്രി ദീപക് ഖഡ്ക എന്നിവരുടെ വീടുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.