നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം Source: kathmandupost.com/
WORLD

നേപ്പാളിലെ 'ജെന്‍ സി കലാപം'; അത് സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി മാത്രമുള്ളതല്ല

അഴിമതി, സ്വജനപക്ഷപാതം, ഏകാധിപത്യ പ്രവണതകള്‍, കെടുകാര്യസ്ഥത, ഉത്തരവാദിത്തമില്ലാത്ത ഭരണനേതൃത്വം എന്നിങ്ങനെ വിഷയങ്ങള്‍ കൂടി യുവതയുടെ രോഷത്തിന് കാരണമായിട്ടുണ്ട്.

Author : എസ്. ഷാനവാസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ, നേപ്പാളില്‍ പുതുതലമുറയുടെ പ്രതിഷേധം രൂക്ഷമാകുകയാണ്. ആയിരങ്ങള്‍ തലസ്ഥാനമായ കാഠ്‌മണ്ഡുവിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ടിക് ടോക്കിലൂടെയായിരുന്നു യുവാക്കള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തത്. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തും, സുരക്ഷാ സേനയുടെ എതിര്‍പ്പുകള്‍ അവഗണിച്ചുമാണ് യുവാക്കള്‍ ഇരച്ചെത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും, ജലപീരങ്കികളും, വെടിവയ്പ്പും വരെയുണ്ടായി. മരണവും പരിക്കുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ട് മാത്രമാണോ യുവാക്കള്‍ തെരുവിലിറങ്ങിയത്? സമീപകാല രാഷ്ട്രീയ സ്ഥിതിഗതികള്‍ കണക്കിലെടുത്താല്‍, അല്ല എന്നാണ് ഉത്തരം.

എന്തുകൊണ്ട് നിരോധനം?

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ വിവര-സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. ഇതിനായി, ഓഗസ്റ്റ് 28 മുതല്‍ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. അനുമതിയില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ കമ്പനികളെ നിയന്ത്രിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശ പ്രകാരമായിരുന്നു നടപടി. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും, രജിസ്ട്രേഷന്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സമയപരിധി ബുധനാഴ്ച അവസാനിച്ചതിനാല്‍, വ്യാഴാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോഡ്, പിന്റെറെസ്റ്റ്, സിഗ്‌നല്‍, ത്രെഡ്‌സ്, വീചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ്‌ഹൗസ്, റംബിള്‍, മി വീഡിയോ, മി വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ ഉള്‍പ്പെടെ 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കാണ് നിലവില്‍ നിരോധനം.

എന്നാല്‍, എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമമെന്നാണ് സമരക്കാരുടെ ആരോപണം. രാജ്യത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് നേപ്പാളികളെ നിരോധനം ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത പഠനത്തിനും, ജോലിക്കുമായി മറ്റു രാജ്യങ്ങളിലുള്ള യുവാക്കള്‍ക്ക് കുടുംബവുമായും സുഹൃത്തുക്കളുമായുള്ള ആശയവിനിമയത്തെയാകെ ഇല്ലാതാക്കുന്നതാണ് നിരോധനമെന്നും സമരക്കാര്‍ പറയുന്നു. അതേസമയം, രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ പ്രതികരണം. കാര്യം മനസിലാക്കാതെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ല. നിരോധനം മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളേക്കാൾ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവുമാണ് പ്രധാനം. നിയമത്തെ ധിക്കരിച്ചുകൊണ്ട്, പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന നടപടിയെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും എന്നുമാണ് പ്രധാനമന്ത്രിയുടെ ചോദ്യം.

ഇത് മാത്രമാണോ പ്രശ്നം?

നേപ്പാളിലെ സമീപകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇതിനപ്പുറം ചില കാരണങ്ങള്‍ കൂടി കണ്ടെത്താനാകും. അഴിമതി, സ്വജനപക്ഷപാതം, ഏകാധിപത്യ പ്രവണതകള്‍, കെടുകാര്യസ്ഥത, ഉത്തരവാദിത്തമില്ലാത്ത ഭരണനേതൃത്വം എന്നിങ്ങനെ വിഷയങ്ങള്‍ കൂടി യുവതയുടെ രോഷത്തിന് കാരണമായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, സര്‍ക്കാരിലുള്ള നിരാശയും ഭരണകൂടത്തോടുള്ള അമര്‍ഷവുമാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ചൂട് പകര്‍ന്നിരിക്കുന്നത്.

അഴിമതിക്കും ഏകാധിപത്യ പ്രവണതകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവാക്കള്‍ കലാപക്കൊടി നാട്ടിയത് സമൂഹമാധ്യങ്ങളിലൂടെയായിരുന്നു. രാജ്യത്തെ യുവാക്കള്‍ ജോലിക്കും മെച്ചപ്പെട്ട ജീവിതത്തിനുമായി കഷ്ടപ്പെടുമ്പോള്‍, രാഷ്ട്രീയക്കാരുടെ മക്കള്‍ സുഖലോലുപതയില്‍ മദിച്ചുവാഴുന്നതിലായിരുന്നു യുവാക്കളുടെ രോഷം. സമൂഹമാധ്യമങ്ങളില്‍ അത് പല തരത്തില്‍ അലയടിച്ചിരുന്നു. #NepoKid, #NepoChild എന്നീ ഹാഷ്‌ടാഗുകളില്‍ ഭരണകൂടത്തിനെതിരായ വികാരം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പൊതുസ്വത്തും പൊതുവിഭവങ്ങളും ദുരുപയോഗം ചെയ്തും, അഴിമതിയുടെ മറ പറ്റിയുമാണ് രാഷ്ട്രീയക്കാരുടെ മക്കള്‍ ആഡംബര ജീവിതം നയിക്കുന്നത് എന്നതായിരുന്നു യുവാക്കളുടെ ആരോപണം. രാജ്യം പട്ടിണിയിലും, സാമ്പത്തിക വെല്ലുവിളികളിലും ഉഴലുന്നതിനിടെ രാഷ്ട്രീയക്കാരുടെയും ഭരണനേതാക്കളുടെയും മക്കള്‍ തുടരുന്ന ആഡംബരത്തിനെതിരെ 'ഞങ്ങളുടെ നികുതി, അവരുടെ ആഡംബരം', 'ഇതിനൊക്കെയുള്ള പണം എവിടെനിന്ന് വരുന്നു' എന്നിങ്ങനെ ചോദ്യങ്ങളും ഉയര്‍ന്നുകേട്ടു.

രാഷ്ട്രീയക്കാരും, ഭരണനേതാക്കളുമായ മാതാപിതാക്കളുടെ അഴിമതിയില്‍ നിന്നല്ലാതെ ഇത്തരം ധാരാളിത്തം തുടരാന്‍ കഴിയില്ലെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. രാജ്യാന്തര ബ്രാന്‍ഡുകളും ആഡംബര ജീവിതവും തുടരുന്നവരുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തുന്ന തരത്തിലേക്കുവരെ കാര്യങ്ങള്‍ എത്തി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ഡ്യൂബയുടെ മകന്‍ ജയ് ബീര്‍ ഡ്യൂബ, മുന്‍ ആരോഗ്യമന്ത്രി ബിരോധ് കത്തിയവാഡയുടെ മകള്‍ ശ്രിങ്കള കത്തിയവാഡ, മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ മകള്‍ ഗംഗാ ദഹല്‍, കൊച്ചുമകള്‍ സ്മിത ദഹല്‍ എന്നിങ്ങനെ നിരവധി പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. #NoMoreCorruption, #WakeUpChallenge എന്നീ ഹാഷ്‌ടാഗുകളില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനവും ഉയരുന്നതിനിടെയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം എന്നതും ശ്രദ്ധേയം.

രണ്ട് നൂറ്റാണ്ടിലേറെ നീണ്ട രാജഭരണം അവസാനിപ്പിച്ചാണ് 2008ല്‍ നേപ്പാള്‍ ജനാധിപത്യവഴിയിലെത്തിയത്. എന്നാല്‍, കഴിഞ്ഞ 17 വര്‍ഷത്തിനിടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കൊന്നും നേപ്പാളി ജനതയുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് ഭരണം നടത്താനായിട്ടില്ല. ജനാധിപത്യവാഴ്ചകള്‍ അഴിമതിയും കെടുകാര്യസ്ഥയും തുടര്‍ന്നപ്പോള്‍ ജനം തെരുവിലിറങ്ങി. പഴയ രാജഭരണം മതിയെന്നും, നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യവുമൊക്കെ ഉയര്‍ന്നുകേട്ടു. ഇപ്പോഴുള്ളതില്‍ ഭേദം പഴയ രാജഭരണമാണെന്ന ആശ്വാസം കൊള്ളലായിരുന്നു, ഒരിക്കല്‍ രാജഭരണത്തില്‍ പൊറുതിമുട്ടി തെരുവിലിറങ്ങിയ ജനതയെ വീണ്ടും തെരുവിലിറക്കിയത്. അതിന്റെ മറ്റൊരു പതിപ്പിനാണ് നേപ്പാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഒന്നിക്കാനും, സമരം നടത്താനും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിരോധനം ഒരു കാരണമായെന്നു മാത്രം.

ജനകീയ പ്രക്ഷോഭങ്ങളെ ഏതൊരു ഭരണകൂടവും ഭയപ്പെടുന്നുണ്ട്. വിദ്യാര്‍ഥികള്‍ തുടക്കമിട്ട്, രാജ്യമാകെ പടര്‍ന്നുപിടിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന ഭരണം താഴെ വീണത്. അത് അറിയാവുന്നതുകൊണ്ടാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിരോധനത്തിനൊപ്പം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടി വിച്ഛേദിച്ചുകൊണ്ട് നേപ്പാളില്‍ കെ.പി. ശര്‍മ്മ ഒലി പ്രതിരോധം തീര്‍ക്കുന്നത്. അത് എത്രത്തോളം തുടരാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി.

SCROLL FOR NEXT