ടെൽ അവീവ്: ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തെരഞ്ഞെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ എതിർത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നടപടി ഇസ്രായേലിൻ്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇസ്രയേലുമായി ആലോചിച്ചല്ല നിയമനം നടത്തിയതെന്നും നെതന്യാഹു പറഞ്ഞു. വിഷയത്തിലെ ആശങ്ക യുഎസിനെ അറിയിക്കാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ, തുർക്കി വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാൻ എന്നിവരടങ്ങുന്നതാണ് സമിതി. 20 ഇന സമാധാന പദ്ധതി തയ്യാറാക്കിയ ട്രംപ് ആണ് ബോർഡിന്‍റെ ചെയർമാൻ. ഗാസയുടെ പുനർനിർമാണവും ഭരണവും ഈ ബോർഡിന്‍റെ താൽക്കാലിക മേൽനോട്ടത്തിലായിരിക്കും.എന്നാണ് അവകാശവാദം.
ഒരു സ്വകാര്യ നിക്ഷേപക സ്ഥാപന മേധാവിയായ മാർക് റോവാൻ, ഇന്ത്യൻ വംശജൻ കൂടിയായ ലോകബാങ്ക് മേധാവി അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ ഉപദേശകരിലൊരാളായ റോബർട്ട് ഗബ്രിയേൽ എന്നിവരും സ്ഥാപകാംഗങ്ങളായി എക്സിക്യൂട്ടീവ് ബോഡിലുണ്ട്. ഗാസയുടെ സ്ഥിരത, ദീർഘകാല വിജയം എന്നതാണ് ഇവരുടെ ചുമതലയെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ലോകത്ത് രൂപീകരിക്കപ്പെട്ടതിൽ ഏറ്റവും മഹത്തായതും അഭിമാനകരവുമായ ബോർഡ് എന്നാണ് സമിതിയെ ട്രംപ് വിശേഷിപ്പിച്ചത്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ഉൾപ്പെടെയുള്ള പ്രമുഖരെ ട്രംപ് ഗാസ ഗാസ സമാധാന ബോർഡിലേയ്ക്ക് ക്ഷണിച്ചിരുന്നു. വരും ദിനങ്ങളിൽ കൂടുതൽ അംഗങ്ങളെ സമിതിയിലേക്ക് നിർദേശിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.