അസിം മുനീർ ട്രംപിന് അപൂർവ ഭൂമി ധാതുക്കൾ കാണിച്ചുനൽകുന്നു Source: X
WORLD

"ഇതാണ് ആ അപൂർവ ഭൂമി ധാതുക്കൾ"; ട്രംപ്-ഷെഹ്ബാസ് ഷെരീഫ് വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്കിടെയുള്ള പുതിയ ചിത്രങ്ങൾ പുറത്ത്

ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടിയാണ് ഷെഹ്ബാസ് ഷെരീഫ്

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൈനിക മേധാവി അസിം മുനീർ എന്നിവരുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ചിത്രത്തിൽ ഇരുവരും ട്രംപിന് അപൂർവ ഭൂമി ധാതുക്കൾ കാണിച്ചുനൽകുന്നതായി കാണാം.

ഓവൽ ഓഫീസിലെ കൂടിക്കാഴ്ചയ്ക്കിടെ, അപൂർവ ഭൂമി ധാതുക്കൾ അടങ്ങിയ ഒരു മരപ്പെട്ടി അസിം മുനീർ ട്രംപിന് കാണിക്കുന്നു. ചിത്രത്തിൽ ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ഷെഹ്ബാസ് ഷെരീഫിനെയും കാണാം. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിനിടെയായിരുന്നു ഷെഹ്ബാസ് ഷെരീഫിൻ്റെ ട്രംപുമായുള്ള കൂടിക്കാഴ്ച.

ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടിയാണ് ഷെഹ്ബാസ് ഷെരീഫ്. പാക് നേതാക്കളും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്ത യോഗം ഒന്നര മണിക്കൂറോളം നീണ്ടുനിന്നതായി റിപ്പോർട്ടുണ്ട്.

ട്രംപിനെ "സമാധാനത്തിന്റെ മനുഷ്യൻ" എന്നാണ് ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങളെ മുൻനിർത്തിയാണ് തൻ്റെ പ്രസ്താവനയെന്നും ഷെഹ്ബാസ് പറഞ്ഞു. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ട്രംപ് "ധീരവും നിർണ്ണായകവുമായ" നേതൃത്വം സ്വീകരിച്ചുവെന്നും, ഇതിനെ പ്രശംസിക്കുകയാണെന്നും ഷെഹ്ബാസ് ഷെരീഫിൻ്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ഓവല്‍ ഓഫീസില്‍ പാക് നേതാക്കള്‍ എത്തുന്നതിനു മുമ്പായി രണ്ട് മഹാനേതാക്കള്‍ ഓവല്‍ ഓഫീസില്‍ ഉടന്‍ എത്തുമെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഷെഹ്ബാസ് ഷെരീഫുമായി ട്രംപ് ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓവല്‍ ഓഫീസില്‍ എത്തിയത്.

SCROLL FOR NEXT