ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൻ്റെ പുതിയ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്റാൻ മംദാനി ഇന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗം ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധേയാകർഷിക്കുകയാണ്. മംദാനിയുടെ വിജയവും രണ്ട് ഡെമോക്രാറ്റുകൾ സ്റ്റേറ്റ് ഗവർണർമാരായതും, 2026ലെ മിഡ് ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നുണ്ട്.
വിജയത്തിന് ശേഷം മംദാനി നടത്തിയ ആദ്യത്തെ പൊതുപ്രസംഗത്തിൽ, ന്യൂയോർക്ക് വോട്ടർമാർ മാറ്റത്തിനായുള്ള ജനവിധിയും ഒരു പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധിയും നൽകിയിട്ടുണ്ടെന്നാണ് മംദാനി പറഞ്ഞത്. രാഷ്ട്രീയ അന്ധകാരത്തിൻ്റെ ഈ നിമിഷത്തിൽ ന്യൂയോർക്ക് വെളിച്ചമായിരിക്കും. വെളിച്ചം വീണ്ടും പ്രകാശിപ്പിക്കാൻ ഞങ്ങൾ അക്ഷീണം പ്രവർത്തിക്കും. സുരക്ഷയും നീതിയും പരസ്പരം കൈകോർക്കുമെന്നും സൊഹ്റാൻ മംദാനി പ്രസംഗത്തിലൂടെ വ്യക്തമാക്കി.
"സുഹൃത്തുക്കളേ, നമ്മൾ ഒരു രാഷ്ട്രീയ രാജവംശത്തെയാണ് അട്ടിമറിച്ചത്. ആൻഡ്രൂ ക്യൂമോയ്ക്ക് സ്വകാര്യ ജീവിതത്തിൽ നന്മ മാത്രം ഉണ്ടാകട്ടയെന്ന് ഞാൻ ആശംസിക്കുന്നു. എന്നാൽ പലരെയും ഉപേക്ഷിക്കുകയും ചുരുക്കം ചിലർക്ക് മാത്രം ഉത്തരം നൽകുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തിലേക്ക് നമ്മൾ തിരിയുമ്പോൾ, ഇന്ന് രാത്രി അദ്ദേഹത്തിൻ്റെ പേര് ഉച്ചരിക്കുന്നത് അവസാനമായിരിക്കട്ടെ," മംദാനി പറഞ്ഞു.
"ന്യൂയോർക്കിലെ പുതുതലമുറയ്ക്ക് നന്ദി. ഞങ്ങൾ നിങ്ങളായതിനാൽ... ഇനി നിങ്ങൾക്ക് വേണ്ടി പോരാടും. ന്യൂയോർക്ക് നഗരം ഈ നിമിഷം മുതൽ വീണ്ടും ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു, ഞങ്ങൾ ഇത്രയും കാലം ശ്വാസം അടക്കിപ്പിടിച്ച് ഇരിപ്പായിരുന്നു. ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാർ നിർമിച്ച, കുടിയേറ്റക്കാർ കരുത്തേകിയ, ഇന്ന് രാത്രി മുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന ഒരു നഗരം. ഞങ്ങൾ സ്നേഹിക്കുന്നവർക്ക് വേണ്ടി നിലകൊള്ളുമെന്ന് ഉറച്ച വിശ്വാസമുണ്ട്. നിങ്ങൾ ഒരു കുടിയേറ്റക്കാരനായാലും, ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗമായാലും, ഡൊണാൾഡ് ട്രംപ് ഫെഡറൽ ജോലിയിൽ നിന്ന് പുറത്താക്കിയ നിരവധി കറുത്ത സ്ത്രീകളിൽ ഒരാളായാലും, പലചരക്ക് സാധനങ്ങളുടെ വില കുറയാൻ കാത്തിരിക്കുന്ന ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയായാലും, അല്ലെങ്കിൽ മതിൽക്കെട്ടിന് പുറംതിരിഞ്ഞു നിൽക്കുന്ന മറ്റാരായാലും, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേത് കൂടിയാണ്," മംദാനി പറഞ്ഞു.
"അമ്മേ... അച്ഛാ... നിങ്ങളുടെ മകനായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ചെറുപ്പമാണ്. ഞാൻ ഒരു മുസ്ലീമാണ്. ഒരു മുസ്ലീമായതിൻ്റെ പേരിൽ ക്ഷമ ചോദിക്കാൻ ഞാൻ തയ്യാറല്ല. ഇസ്ലാമോഫോബിയ പടർത്തി തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്ന ഒരു നഗരമായി ന്യൂയോർക്ക് ഇനി ഒരിക്കലുമുണ്ടാകില്ല. ഡൊണാൾഡ് ട്രംപ് വഞ്ചിച്ച ഒരു രാജ്യത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആർക്കെങ്കിലും കാണിച്ചുതരാൻ കഴിയുമെങ്കിൽ, അത് അദ്ദേഹത്തെ വളർത്തിയത് ഈ ന്യൂയോർക്ക് നഗരമാണ്," മംദാനി പറഞ്ഞു.
ന്യൂയോർക്ക് മേയറായ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും മംദാനി ഉദ്ധരിച്ചു. "പഴയതിൽ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തു വയ്ക്കുന്ന, ഒരു യുഗം അവസാനിക്കുന്ന, വളരെക്കാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിൻ്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുന്ന ഒരു നിമിഷം, ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ വരൂ," മംദാനി പറഞ്ഞു.