വജ്രം പതിച്ച അപൂര്‍വ സ്വര്‍ണ മുട്ട വിഴുങ്ങിയാള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തി ന്യൂസിലന്‍ഡ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ന്യൂസിലന്‍ഡിലെ സെന്‍ട്രല്‍ ഓക്ക്ലാന്‍ഡില്‍ വെച്ചാണ് 32 കാരനായ യുവാവിനെ പിടികൂടുന്നത്.
സെന്‍ട്രല്‍ ഓക്ക്ലാന്‍ഡിലെ പാര്‍ട്രിഡ്ജ് ജ്വല്ലേഴ്സില്‍ നിന്നാണ് യുവാവ് മുട്ടയുടെ ആകൃതിയിലുള്ള അമൂല്യമായ ലോക്കറ്റ് മോഷ്ടിച്ചത്. ഏകദേശം 17.4 ലക്ഷം രൂപ വിലയുള്ളതാണ് ലോക്കറ്റ്. പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് ലോക്കറ്റ് വിഴുങ്ങുകയായിരുന്നു.
മോഷണശ്രമം നടന്ന് മിനിറ്റുകള്‍ക്കകം ഇയാളെ കടയില്‍ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തൊണ്ടി മുതല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപൂര്‍വവും വിലപിടിപ്പുള്ളതുമായ മോഷണ വസ്തുവായതിനാല്‍ ലോക്കറ്റ് സ്വാഭാവികമായി പുറത്തുവരുന്നത് വരെ പ്രതിയെ 24 മണിക്കൂറും പോലീസ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ലോകത്ത് ആകെ 50 എണ്ണം മാത്രമുള്ള ലിമിറ്റഡ് എഡിഷന്‍ ലോക്കറ്റാണ് പ്രതി അകത്താക്കിയത്. 1983-ലെ ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിക്ക് ആദരം അര്‍പ്പിച്ചാണ് ലോക്കറ്റ് രൂപകല്‍പ്പന ചെയ്തത്. സ്വര്‍ണം കൊണ്ട് നിര്‍മിച്ച ലോക്കറ്റില്‍ പച്ച ഇനാമല്‍ നിറമാണ് നല്‍കിയത്. 60 വജ്രങ്ങളും 15 ഇന്ദ്രനീല 2 ഇന്ദ്രനീലക്കല്ലുകളും ലോക്കറ്റില്‍ പതിപ്പിച്ചിട്ടുണ്ട്.
ലോക്കറ്റ് തുറന്നാല്‍ ഉള്ളില്‍ വജ്രം പതിപ്പിച്ച 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഒരു നീരാളിക്കുഞ്ഞിനെ കാണാം. ഇതിന്റെ കണ്ണുകളായി നല്‍കിയത് കറുത്ത വജ്രങ്ങളാണ്. ന്യൂസിലന്‍ഡിലെ അപൂര്‍വ മോഷണം ലോകമെമ്പാടും ചര്‍ച്ചയായിരിക്കുകയാണ്. തൊണ്ടി മുതല്‍ എന്ന് കിട്ടുമെന്ന കാത്തിരിപ്പിലും.
പ്രതിയെ ഡിസംബര്‍ എട്ടിന് കോടതിയില്‍ ഹാജരാക്കും. പ്രതി ഷോപ്പില്‍ അതിക്രമിച്ച് കടന്ന് പ്രദര്‍ശനത്തിന് വെച്ചിരുന്ന 'നീരാളി മുട്ട' തട്ടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി മുട്ട വിഴുങ്ങുകയായിരുന്നു.