Source: Social Media
WORLD

"അക്രമത്തിൽ ഞങ്ങളെ വെല്ലാൻ ആർക്കുമാകില്ല": ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് താക്കീതുമായി നാഷണൽ സിറ്റിസൺ പാർട്ടി

നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ആസിഫ് മഹ്മൂദ് ഷോജിബ് ഭുയെൻ്റേതാണ് പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ്: 2024-ൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കിയ പ്രക്ഷോഭങ്ങൾക്ക് പിന്നിലെ വിദ്യാർഥി സംഘടന ഇപ്പോൾ സംവരണ പ്രഖ്യാപനത്തെച്ചൊല്ലി രാജ്യത്ത് അതൃപ്തി പടരുന്നതിനിടെ അക്രമത്തിൽ ഞങ്ങളെ വെല്ലാൻ ആർക്കും കഴിയില്ലെന്ന് വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ആസിഫ് മഹ്മൂദ് ഷോജിബ് ഭുയെൻ്റേതാണ് പ്രസ്താവന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള കലാപാനന്തര ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചയാളാണ് ആസിഫ്. ജെനൈദയിൽ നാഷണൽ സിറ്റിസൺ പാർട്ടി മേധാവി ബിഎൻപി അനുയായികളാൽ ആക്രമിക്കപ്പെട്ടതായുള്ള വാർത്തയ്ക്ക് പിന്നാലെയാണ് നാഷണൽ സിറ്റിസൺ പാർട്ടി നേതാവിന്റെ പ്രസ്താവന.

"ഭരണകക്ഷി അക്രമം ആഗ്രഹിക്കുകയും അത് അവരുടെ ഏക രാഷ്ട്രീയ ആയുധമായി സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, അക്രമത്തിൽ ആർക്കും നമ്മളെ മറികടക്കാൻ കഴിയില്ലെന്ന് ഞങ്ങൾ തെളിയിച്ചതാണ്," എന്ന് ആക്രമണത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആസിഫ് മഹ്മൂദ് പറഞ്ഞു.

പിന്നാലെ താരിഖ് റഹ്മാന് താക്കീതുമായും വിദ്യാർഥി പ്രസ്ഥാനം രംഗത്തെത്തി. "ഞങ്ങളുടെ മേൽ ഇത് അടിച്ചേൽപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പോരാട്ടം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കോ, പ്രത്യേക പ്രത്യയശാസ്ത്രത്തിനോ, സിദ്ധാന്തത്തിനോ എതിരായിട്ടായിരിക്കില്ല; ഈ പോരാട്ടം ഒരു മുഴുവൻ തലമുറയ്‌ക്കെതിരെയും നടത്തും. ഈ തലമുറയോട് പോരാടുക എന്ന തെറ്റ് ഷെയ്ഖ് ഹസീന ചെയ്തു. താരിഖ് റഹ്മാൻ ആ തെറ്റ് ആവർത്തിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നായിരുന്നു ആസിഫ് മഹ്മൂദ് സർക്കാരിന് നൽകിയ മുന്നറിയിപ്പ്.

2024-ലെ പ്രതിഷേധത്തെ തുടർന്ന് ഉയർന്നു വന്ന പാർട്ടിയാണ് നാഷണൽ സിറ്റിസൺ പാർട്ടി. ബംഗ്ലാദേശിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയെന്നാണ് പ്രക്ഷോഭം അറിയിപ്പെടുന്നത്. ഷെയ്ഖ് ഹസീന സർക്കാർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അനുവദിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ ശ്വാസം മുട്ടിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ നേരത്തെ നടന്ന പല തെരഞ്ഞെടുപ്പുകളും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, നാഷണൽ സിറ്റിസൺ പാർട്ടി തെരഞ്ഞെടുപ്പിൽ പങ്കെടുത്തെങ്കിലും ബംഗ്ലാദേശ് ജനങ്ങൾ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ (ബിഎൻപി) ആണ് തെരഞ്ഞെടുത്തത്. പിന്നീട് താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റു.

SCROLL FOR NEXT