Image: X
WORLD

ഒക്ടോബര്‍ 30ന് രാത്രി ചന്ദ്രോപരിതലത്തില്‍ എന്തോ ഇടിച്ചിറങ്ങി; ഭൂമിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു

ജപ്പാന്‍ സമയം രാത്രി 8.30 ഓടെയായിരുന്നു സംഭവം

Author : ന്യൂസ് ഡെസ്ക്

2025 ഒക്ടോബര്‍ 30ന് രാത്രിയിലാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ അജ്ഞാത വസ്തു ഇടിച്ചിറങ്ങിയത്. ഇതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനം ഭൂമിയില്‍ നിന്നും കാണാന്‍ സാധിച്ചിരുന്നു. എന്താണ് ചന്ദ്രനില്‍ ഇടിച്ച വസ്തു? ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്.

ജപ്പാനിലെ അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞനായ ദൈചി ഫ്യൂജി ഈ അപൂര്‍വ സംഭവം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജപ്പാന്‍ സമയം ഏകദേശം രാത്രി 8.30 ഓടെയായിരുന്നു സംഭവം.

ചന്ദ്രോപരിതലത്തിലെ ഉല്‍ക്കാ ആഘാത ഗര്‍ത്തമായ ഗസ്സെന്‍ഡി ക്രേറ്ററിന് കിഴക്കു ഭാഗത്തായാണ് പുതിയ ആഘാതമുണ്ടായത്. ചെറിയ ഉല്‍ക്ക പതിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. ഇടിയുടെ ആഘാതത്തില്‍ ചന്ദ്രോപരിതലത്തില്‍ 3 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടതായും കരുതുന്നു.

ചന്ദ്രന് അന്തരീക്ഷം ഇല്ലാത്തതിനാല്‍, ബഹിരാകാശ വസ്തുക്കള്‍ ഭൂമിയില്‍ സംഭവിക്കുന്നതുപോലെ കത്തിയെരിയുന്നില്ല. പകരം, അവ അതിശക്തമായ വേഗതയില്‍ ചന്ദ്രോപരിതലത്തില്‍ നേരിട്ട് ഇടിക്കുകയാണ് ചെയ്യുക. ഇതിനു പിന്നാലെ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടാകും. ആഘാതത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നാസയുടെ ലൂണാര്‍ റിക്യണൈസന്‍സ് ഓര്‍ബിറ്റര്‍ നടത്തുന്നുണ്ട്.

ചന്ദ്രോപരിതലത്തിലുണ്ടായ ഉല്‍ക്കാ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ദൈചി ഫ്യൂജി എക്‌സില്‍ പങ്കുവെച്ചിരുന്നു. വെറും 0.1 സെക്കന്‍ഡ് മാത്രം നീണ്ടു നിന്ന തീവ്രമായ മിന്നലാണ് ദൃശ്യത്തിലുള്ളത്. ടോറിഡ് ഉല്‍ക്കാവര്‍ഷത്തിന്റെ ഭാഗമാവാം ഈ ഉല്‍ക്ക എന്നാണ് ഫ്യൂജിയുടെ അനുമാനം.

ചന്ദ്രനില്‍ ഉല്‍ക്കകള്‍ പതിക്കുന്നത് സാധാരണ സംഭവമാണെങ്കിലും അത് ഭൂമിയില്‍ നിന്ന് സാധാരണ ടെലിസ്‌കോപ്പ് ഉപയോഗിച്ച് ദൃശ്യമാകുന്നത് അപൂര്‍വമായ സംഭവമാണ്.

SCROLL FOR NEXT