WORLD

"ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ സൈനിക നീക്കം"; ഇറാനെതിരെയുള്ള ആക്രമണത്തെ കുറിച്ച് ട്രംപ്

കൂടുതൽ യുഎസ് സൈനികർക്ക് ജീവൻ നഷ്ടപ്പെടാമെന്നും മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തിയ സംയുക്ത ആക്രമണത്തെ ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സൈനിക നീക്കം എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യുഎസിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പങ്കുവെച്ചിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട 36 മണിക്കൂര്‍ നീണ്ടു നിന്ന സൈനിക നീക്കങ്ങളെ കുറിച്ച് പ്രസംഗത്തില്‍ ട്രംപ് വിശദീകരിച്ചു.

ഓപ്പറേഷന്‍ എപിക് ഫ്യൂറി എന്ന് പേരിട്ട സൈനിക നീക്കം സമാനതകളില്ലാത്തതാണെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ലോകം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലുതും സങ്കീര്‍ണവും അതിശക്തവുമായ നീക്കങ്ങളില്‍ ഒന്ന് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

എല്ലാ ലക്ഷ്യങ്ങളും നേടുന്നതു വരെ പോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. 'ഇതുപോലൊന്ന് ആരും കണ്ടിട്ടുണ്ടാകില്ല. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടെ ഇറാനിലെ നൂറുകണക്കിന് ലക്ഷ്യങ്ങള്‍ നമ്മള്‍ തകര്‍ത്തു' എന്നാണ് ട്രംപ് പറഞ്ഞത്.

ഒമ്പത് മിനുട്ട് കൊണ്ട് ഇറാന്റെ ഒമ്പത് കപ്പലുകളും നാവിക ആസ്ഥാനവും തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ 'നികൃഷ്ടനും നീചനുമായ' മനുഷ്യന്‍ എന്നാണ് ട്രംപ് വിളിച്ചത്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ രക്തം പുരണ്ട കൈകളാണെന്നും നിരവധി രാജ്യങ്ങളിലെ ആയിരക്കണക്കിന് നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നും ഖമനേയിയെ കുറിച്ച് ട്രംപ് പറഞ്ഞു.

ഖമനേയിയുടെ മരണ വാര്‍ത്തയ്ക്കു പിന്നാലെ ഇറാനിലെ ജനങ്ങള്‍ മുഴുവന്‍ ആഘോഷിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സൈനിക തലവന്മാരും ഇല്ലാതായെന്നും പലരും കീഴടങ്ങാന്‍ തയ്യാറാണെന്നു കൂടി ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. കൂടുതല്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്നും ട്രംപ് സമ്മതിച്ചു. ആ സാഹചര്യം ഒഴിവാക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

SCROLL FOR NEXT