ടെഹ്റാൻ: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് നൂറോളം എണ്ണക്കപ്പലുകളാണ്. കഴിഞ്ഞ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിന് ശേഷം ഹോർമുസിലൂടെയുള്ള എണ്ണ ടാങ്കർ ഗതാഗതം 95 ശതമാനം ആണ് കുറഞ്ഞത്. സംഘർഷത്തിന്‍റെ മുൾമുനയിൽ നിൽക്കുന്ന ഹോർമുസിലൂടെ കടന്നുപോയ കപ്പലുകളേതാണ്??
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനിൽ യുഎസും ഇസ്രയേലും ആക്രമണം ആരംഭിക്കുന്നതിന് മുൻപ് ഹോർമുസ് കടലിടുക്കിലൂടെ ഒരു ദിവസം ഏകദേശം 138 എണ്ണക്കപ്പലുകൾ കടന്നുപോയിരുന്നു എന്നാണ് ജോയിന്‍റ് മാരിറ്റൈം ഇൻഫർമേഷൻ സെന്‍ററിന്‍റെ ഡാറ്റ പ്രകാരമുള്ള വിവരം. ആഗോള എണ്ണവിതരണത്തിന്‍റെ അഞ്ചിലൊന്നാണ് ആ കപ്പലുകൾ വഹിച്ചിരുന്നത്. യുദ്ധം ആരംഭിച്ച ശേഷം മാർച്ചിൽ ഇതുവരെ കടന്നുപോയത് 99 കപ്പലുകൾ മാത്രമാണ്. അതായത് ഒരു ദിവസം കടന്നുപോകുന്നത് ശരാശരി അഞ്ചോ ആറോ കപ്പലുകൾ മാത്രം.
ഇത്രയും റിസ്കിൽ സംഘർഷത്തിന്‍റെ ഇടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഏതാണ് എന്നതാണ് ചോദ്യം. ഇറാനുമായി ബന്ധമുള്ള കപ്പലുകളാണിവ. ഇറാനിയൻ എണ്ണവ്യാപാരവുമായി ബന്ധമുള്ളതിന്‍റെ പേരിൽ ഉപരോധിതമായ കപ്പലുകളും ഇറാൻ പതാക വഹിക്കുന്ന 14 കപ്പലുകളുമാണ് ഇവയിലുള്ളത്. 9 കപ്പലുകൾ ചൈനയുമായി ബന്ധപ്പെട്ടതാണ്. ആറ് കപ്പലുകൾ ഇന്ത്യയിലേക്കുള്ളതാണ്. ഗ്രീക്ക് കമ്പനികളുടേതടക്കം നിരവധി കപ്പലുകൾ ഇറാനിയൻ തുറമുഖത്ത് ഡോക്ക് ചെയ്ത് കിടക്കുന്നുണ്ട്.
വിജയകരമായി ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന കപ്പലുകളാവട്ടെ പതിവിലുമധികം സമയം എടുത്താണ് കടന്നുപോകുന്നത്. പാക് പതാകയുള്ള ഒരു എണ്ണ ടാങ്കർ കഴിഞ്ഞ മാർച്ച് പതിനഞ്ചിന് കടന്നുപോയത് സാധാരണയായി ഉപയോഗിക്കുന്ന മധ്യപാതവിട്ട് ഇറാനിയൻ തീരത്തോട് ചേർന്നാണ്. ഇറാനിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിക്കുന്നത് പോലെ തോന്നിച്ചു എന്നാണ് അസാധാരണയാത്രയെക്കുറിച്ച് വിദഗ്ധർ പറയുന്നത്. കപ്പൽ തിരിച്ചറിയാനുള്ള എളുപ്പമോ, മൈനുകളെക്കുറിച്ചുള്ള മുന്നറിയിപ്പോ ആവാം കാരണം.
കപ്പലുകൾ റീറൂട്ട് ചെയ്യപ്പെടുമ്പോൾ ഇറാനിയൻ അധികാരപരിധിയും നിയമങ്ങളും ബാധകമാവുന്ന വെള്ളത്തിലേക്കാണ് കപ്പലുകൾ പ്രവേശിക്കുന്നത്. സംഘർഷം തുടങ്ങിയ ശേഷം 20 കപ്പലുകളാണ് ഇറാനിയൻ ഡ്രോണുകളാൽ ആക്രമിക്കപ്പെട്ടത്. ആ കപ്പലുകളെല്ലാം ഇറാനിയൻ തീരത്തോട് ചേർന്ന് പോയവയായിരുന്നില്ല. മാർച്ച് 11നാണ് തായ് പതാകയുള്ള കപ്പൽ മയൂരി നാരീ ആക്രമിക്കപ്പെട്ടത്. മയൂരി നാരിയിലെ 23 ക്രൂ അംഗങ്ങളിൽ 3 പേരെ കണ്ടെത്തിയിട്ടില്ല. ഗ്രീക്ക് കപ്പലായ സ്റ്റാർ ഗ്വിനെത്തും അമേരിക്കൻ കപ്പലായ എം റ്റി സെയ്ഫ്സീ വിഷ്ണുവും ആക്രമിക്കപ്പെട്ടു. സെയ്ഫ് സീ വിഷ്ണുവിലേക്കുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ കത്തുന്ന കപ്പലിൽ നിന്ന് കടലിൽ ചാടി രക്ഷപ്പെട്ടു. ആക്രമിക്കപ്പെടുന്ന കപ്പലിലുള്ള സ്ത്രീപുരുഷൻമാർ പട്ടാളക്കാരല്ല. ആഗോള എണ്ണവ്യാപാരത്തെ ചലിപ്പിക്കുന്ന മനുഷ്യരാണെന്ന് ഓർക്കണമെന്നാണ് സെയ്ഫ്സീ വിഷ്ണുവിന്‍റെ ഉടമ പറയുന്നത്.