സുവൈദ നഗരത്തിലെ അക്രമസംഭവങ്ങളിൽ അഗ്നിക്കിരയായ കാർ Source: X/ Abhay
WORLD

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിലെ സുവൈദ നഗരത്തിൽ ഇസ്രയേലും സിറിയയും തമ്മിൽ വെടിനിർത്തലിന് ധാരണയായിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

സുവൈദ: ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) ആണ് കണക്കുകൾ പുറത്തുവിട്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

തെക്കൻ സിറിയയിലെ സുവൈദ പ്രവിശ്യയിൽ നിന്ന് സർക്കാർ സേന പിൻവാങ്ങിയ ശേഷവും ഗോത്ര വിഭാഗങ്ങളായ ഡ്രൂസുകളും ബിദൂനികളും തമ്മിലുള്ള സംഘർഷം തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച മുതൽ കൊല്ലപ്പെട്ടവരിൽ 336 ഡ്രൂസ് പോരാളികളും മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള 298 സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് നിരീക്ഷകർ അറിയിച്ചു. അവരിൽ 194 പേരെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് വധിച്ചത്. അക്രമം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ നടപടി.

കൊല്ലപ്പെട്ടവരിൽ 342 സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥരും 21 സുന്നി ബിദൂനികളും ഉൾപ്പെടുന്നുണ്ട്. അവരിൽ മൂന്ന് പേർ ഡ്രൂസ് പോരാളികളാൽ വധിക്കപ്പെട്ട സാധാരണക്കാരാണ്. ഇസ്രയേൽ വ്യോമാക്രമണത്തിൽ 15 സർക്കാർ സൈനികർ കൂടി കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഈ കണക്കുകൾ സിറിയൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിലെ സുവൈദ നഗരത്തിൽ ഇസ്രയേലും സിറിയയും തമ്മിൽ വെടിനിർത്തലിന് ധാരണയായിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സിറിയ പ്രസിഡൻ്റ് അഹ്മദ് അശ്ശറയും വെടിനിർത്തലിന് ധാരണയായെന്ന് തുർക്കിയിലെ യുഎസ് അംബാസിഡർ ടോം ബാരക് പറഞ്ഞു.

തുർക്കിയുടെയും ജോർദാൻ്റേയും മധ്യസ്ഥതയിലാണ് ധാരണയുണ്ടാക്കിയതെന്നും, സുവൈദയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള കലാപം അവസാനിപ്പിക്കണമെന്നും ടോം ബാരക് ആവശ്യപ്പെട്ടു.

SCROLL FOR NEXT