ഇസ്ലാമാബാദ്: കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടയില്‍ ബങ്കറിലേക്ക് മാറാന്‍ ഉപദേശം ലഭിച്ചിരുന്നതായി പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വെളിപ്പെടുത്തല്‍. സൈനിക സെക്രട്ടറിയുടെ ഉപദേശം സ്വീകരിച്ചില്ലെന്നും ആസിഫ് സര്‍ദാരി പറഞ്ഞു.
പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെയുണ്ടായ സംഭവത്തെ കുറിച്ചാണ് പാക് പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍. മെയ് 7 നായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഇന്ത്യയുടെ ആക്രമണം ആരംഭിച്ചതോടെ സൈനിക സെക്രട്ടറി തനിക്ക് മുന്നില്‍ എത്തി യുദ്ധം ആരംഭിച്ചുവെന്നും ബങ്കറിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, നേതാക്കള്‍ ബങ്കറില്‍ മരിക്കാറില്ലെന്നും രക്തസാക്ഷിത്വമാണെങ്കില്‍ അത് ഇവിടെ വരുമെന്നുമായിരുന്നു തന്റെ മറുപടി. യുദ്ധഭൂമിയിലാണ് നേതാക്കള്‍ മരണപ്പെടേണ്ടത്. ഇസ്ലാമാബാദില്‍ ഒരു പൊതു സമ്മേളനത്തിലായിരുന്നു പാക് പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്ത്യയുമായി യുദ്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാല് ദിവസം മുമ്പേ തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇന്ത്യയുടെ പ്രത്യാക്രമണം ഉണ്ടായപ്പോള്‍ പാകിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വവും സൈനിക മേധാവികളും ബങ്കറില്‍ ഒളിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണം നടക്കുമ്പോള്‍ അസിം മുനീര്‍ പോലും ബങ്കറിനുള്ളിലായിരുന്നുവെന്നായിരുന്നു ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലണ്‍ പറഞ്ഞത്.
നേതാക്കളും സൈനിക മേധാവികളും ബങ്കറില്‍ ഒളിച്ചപ്പോള്‍ പാക് സൈനികര്‍ മാത്രമാണ് തിരിച്ചു പോരാടിയത്. അവര്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തെ കുറിച്ച് നാല് ദിവസം മുമ്പ് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നത് പോലും നുണയാണ്. അങ്ങനെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരു മിസൈല്‍ പോലും എന്തുകൊണ്ട് തടുക്കാനായില്ലെന്നും കെജെഎസ് ധില്ലണ്‍ ചോദിച്ചു.
ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെ കുറഞ്ഞത് ഒമ്പത് ഭീകര ക്യാമ്പുകളെങ്കിലും നശിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് ഇന്ത്യ പറഞ്ഞിരുന്നത്. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും ഇന്ത്യയുടെ സൈനിക മേധാവികള്‍ പറഞ്ഞിരുന്നു.