ന്യൂഡല്‍ഹി: അറബിക്കടലില്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍. അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. പാക് സൈനിക മേധാവി അസിം മുനീറിന്റെ ഉപദേശകര്‍ ഇതുമായി ബന്ധപ്പെട്ട് യുഎസിനെ സമീപിച്ചെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാനിലെ ധാതുക്കള്‍ക്കായി പാസ്‌നി പട്ടണത്തില്‍ നിന്നും അമേരിക്കന്‍ നിക്ഷേപര്‍ക്ക് ടെര്‍മിനല്‍ നിര്‍മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നതാണ് പദ്ധതി. അഫാനിസ്ഥാനുമായും ഇറാനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ഗ്വാദര്‍ ജില്ലയിലെ തുറമുഖ പട്ടണമാണ് പാസ്‌നി.
കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും അസിം മുനീറും വൈറ്റ് ഹൗസിലെത്തി കണ്ടിരുന്നു. പാകിസ്ഥാനിലെ കാര്‍ഷിക, സാങ്കേതിക, ഖനനം, ഊര്‍ജ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം ഷെഹബാസ് ഷരീഫ് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് അറബിക്കടലില്‍ തുറമുഖ നിര്‍മാണത്തിനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
യുഎസ് സൈനിക താവളങ്ങള്‍ക്കായി തുറമുഖം ഉപയോഗിക്കുന്നത് രൂപരേഖയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം, തുറമുഖത്തെ ധാതു സമ്പന്നമായ പടിഞ്ഞാറന്‍ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന ഒരു റെയില്‍ ശൃംഖലയ്ക്കായി വികസന ധനസഹായം ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എഫ്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.