പാകിസ്ഥാൻ: പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങള്‍ മാറ്റുന്നുവെന്ന് റിപ്പോർട്ട്. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഈ നടപടി. ജയ്ഷെ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളാണ് കേന്ദ്രങ്ങൾ മാറ്റുന്നത്. പാക് അധീന കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ നിരന്തര നിരീക്ഷണത്തിന് കീഴിലായതിന് പിന്നാലെയാണ് ജയ്‌ഷെ മുഹമ്മദടക്കമുള്ള ഭീകരവാദ സംഘടനകള്‍ പടിഞ്ഞാറോട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഖൈബർ പഖ്തൂൺ മേഖലയിലേക്കാണ് ഭീകരവാദ കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് ഭീകര കേന്ദ്രങ്ങൾ മാറ്റുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു. ഈ ഗ്രൂപ്പുകളുടെ തന്ത്രപരമായ മാറ്റമാണ് കേന്ദ്രങ്ങൾ നീക്കാനുള്ള തീരുമാനത്തിൽ പ്രതിഫലിക്കുന്നത്. ഖൈബർ മേഖലയിലെ മൻസെഹ്‌റയിലുള്ള മർകസ് ഷൊഹാദ-ഇ-ഇസ്ലാം പരിശീലന കേന്ദ്രത്തിൽ ജെയ്‌ഷെ മുഹമ്മദിൻ്റെ വിപുലീകരണം വളരെ വേഗത്തിലാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായും സൈറ്റിലെ ലോജിസ്റ്റിക്സ് നിക്ഷേപത്തിലെ വർധനവും ഫോട്ടോഗ്രാഫുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി തിരിച്ചടിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങളാണ് സായുധാക്രമണങ്ങളിലൂടെ ഇന്ത്യ തകര്‍ത്തത്.