ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് ആയി ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ പാകിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് അസിം മുനീറിന്‍റെ മുന്നറിയിപ്പ്.
'ഇനി ഒരു പ്രകോപനമുണ്ടായാല്‍ പാകിസ്ഥാന്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കില്ലെന്ന ഒരു മിഥ്യാധാരണ ഇന്ത്യക്കുണ്ടാവരുത്,' അസിം മുനീര്‍ പറഞ്ഞു.
പാകിസ്ഥാന്‍ ഒരു സമാധാന രാഷ്ട്രമാണെന്നും എന്നാല്‍ ഇസ്ലാമാബാദിന്റെ അതിര്‍ത്തിയുടെ സമഗ്രതയെയോ പരമാധികാരത്തെയോ പരീക്ഷിക്കാന്‍ അനുവദിക്കില്ലെന്നും അസിം മുനീര്‍ പറഞ്ഞു. രാജ്യത്ത ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് ആയി ചുമതലയേറ്റ അസിം മുനീറിനെ ആദരിക്കുന് ചടങ്ങിലാണ് ഈ പ്രതികരണം. പാകിസ്ഥാന്‍ സൈന്യം, നേവി, വ്യോമ സേന എന്നിവര്‍ ചടങ്ങില്‍ ഫീല്‍ഡ് മാര്‍ഷലിനെ ആദരിച്ചു.
കഴിഞ്ഞയാഴ്ചയാണ് മുനീര്‍ പാകിസ്ഥാന്റെ മൂന്ന് പ്രതിരോധ സേനകളുടെയും മേധാവിയായ പുതിയ പദവിയുടെ ചുമതല ഏറ്റെടുത്തത്. എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കു്‌നതും മാറിക്കൊണ്ടിരിക്കുന്നതുമായ ഭീഷണികളെ അഭിമുഖീകരിക്കുമ്പോള്‍ മൂന്ന് സേനകളുടെയും ഏകീകൃത സംവിധാനത്തിന് കീഴില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും അസിം മുനീര്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബറിന് രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കാനുള്ള ശുപാര്‍ശയും ആസിഫ് അലി സര്‍ദാരി അംഗീകരിച്ചു.
നവംബര്‍ 28നായിരുന്നു മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ് മുനീര്‍ വിരമിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനായാണ് ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് എന്ന പുതിയ സ്ഥാനം കൊണ്ടുവന്നത്.
അസിം മുനീറിന് കൂടുതല്‍ അധികാരം നല്‍കുന്നതിന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് രാജ്യം വിട്ടതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ അധികാരം നല്‍കിയത്. പുതിയ അധികാരം ലഭിക്കുന്നതോടെ കേസുകളില്‍ നിന്നും വിചാരണയില്‍ നിന്നുമെല്ലാം മുനീറിന് ആജീവനനാന്ത സംരക്ഷണം ലഭിക്കും. നവംബര്‍ 12ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് നീക്കം.