ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി 2025 മെയ് മാസത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണത്തിൻ്റെ കൃത്യതയെ കുറിച്ച് തുറന്നുസമ്മതിച്ച് പാകിസ്ഥാൻ സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള തുറന്ന പോര് നടന്ന് എട്ട് മാസങ്ങൾക്കിപ്പുറമാണ് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യയുടെ ഡ്രോൺ ആക്രമണങ്ങളിൽ റാവൽപിണ്ടിയിലെ നുർ ഖാൻ വ്യോമതാവളം ആക്രമിക്കപ്പെട്ടെന്നും പ്രധാന സൈനിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചെന്നും സൈനികർക്ക് പരിക്കേറ്റെന്നും പാക് ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു.
ഇന്ത്യൻ സൈന്യം 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അയച്ചെന്നും അതിൽ 79 എണ്ണവും പാക് സൈന്യം തകർത്തെന്നും ഇഷാഖ് ദർ വെളിപ്പെടുത്തി. "മെയ് 10ന് പുലർച്ചെ നുർ ഖാൻ വ്യോമത്താവളം ആക്രമിച്ചു കൊണ്ട് ഇന്ത്യ തെറ്റ് ചെയ്തു. ഇത് പാകിസ്ഥാൻ്റെ പ്രതികാര നടപടിക്ക് കാരണമായി," കഴിഞ്ഞ ദിവസമാണ് പത്രസമ്മേളനത്തിൽ സംസാരിക്കവെ പാക് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2025 ഏപ്രിൽ 26ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ 26 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതിന് പ്രതികാരമായി മെയ് 7ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇക്കാലമത്രയും ഇന്ത്യൻ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചുകാണിച്ചിരുന്ന പാകിസ്ഥാൻ സർക്കാരിൻ്റെ മുൻ നിലപാടുകളിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമായാണ് ഇഷാഖ് ധറിൻ്റെ ഈ വെളിപ്പെടുത്തൽ ഇന്ത്യ നോക്കിക്കാണുന്നത്.
മെയ് 7ന് നടന്ന വ്യോമാക്രമണത്തിൽ പാകിസ്ഥാൻ ഏഴ് ഇന്ത്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടതായും ഇഷാഖ് ദർ അവകാശപ്പെട്ടു. എന്നാൽ, തൻ്റെ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു തെളിവും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ജമ്മു കശ്മീർ തർക്ക പരിഹാരവുമായി ബന്ധപ്പെട്ടാണ് മേഖലയിലെ ശാശ്വത സമാധാനം എന്ന പാകിസ്ഥാൻ്റെ മുൻനിലപാട് പാക് ഉപപ്രധാനമന്ത്രി ആവർത്തിച്ചു.