സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവച്ചതില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ, 'യുദ്ധപ്രഖ്യാപനം' ഉള്‍പ്പെടെ പ്രതികരണങ്ങളുമായി പാകിസ്ഥാന്‍. ഉടമ്പടി പ്രകാരം രാജ്യത്തിനു ലഭിക്കേണ്ട 'അർഹമായ ജലവിഹിതം' ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് പാക് സൈന്യത്തിന്റെ നിലപാട്. സിന്ധു നദിയിലെ വെള്ളം തടയുന്നതോ, തിരിച്ചുവിടുന്നതോ ഉള്‍പ്പെടെ ഇന്ത്യയുടെ ഏതു നീക്കത്തെയും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന നിലപാടും പാക് സൈന്യം ആവര്‍ത്തിച്ചു. സിന്ധു നദീജല വിഷയത്തിൽ ഏതു മേഖലയിലും പോരാടാൻ പാകിസ്ഥാന്‍ തയ്യാറാണെന്ന പാകിസ്ഥാന്‍ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ചേര്‍ന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിലാണ് ഇന്ത്യ കർശന നടപടികള്‍ പ്രഖ്യാപിച്ചത്. ആക്രമണത്തെ അപലപിച്ചതിനൊപ്പം, അതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഏറ്റെടുക്കണമെന്ന ശക്തമായ സന്ദേശമായിരുന്നു സമിതി നിര്‍ദേശങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം, 1960ലെ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) മരവിപ്പിക്കാനുള്ള തീരുമാനമായിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു നടപടി. ഇക്കാര്യം കഴിഞ്ഞയാഴ്ചയും ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാന്‍ വിശ്വസനീയവും, ശാശ്വതവുമായ രീതിയിൽ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു. പാകിസ്ഥാന്‍ തങ്ങളുടെ ശത്രുതാപരമായ നിലപാട് മാറ്റുന്നതു വരെ ജലപങ്കാളിത്ത ഉടമ്പടി ഇത്തരത്തില്‍ തന്നെ തുടരാനാണ് ഇന്ത്യയുടെ നീക്കം.
പാക് സൈന്യത്തിന്റെ നിലപാട്
പ്രതിരോധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പാക് സൈന്യം നിലപാട് അറിയിച്ചത്. സർക്കാര്‍ നിര്‍ദേശങ്ങള്‍ക്കും ജനതയുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി, പാകിസ്ഥാന്റെ അർഹമായ ജലവിഹിതം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സിന്ധു നദിയിലെ വെള്ളം തടയുന്നതോ, തിരിച്ചുവിടുന്നതോ ഉള്‍പ്പെടെ ഇന്ത്യയുടെ ഏതു നീക്കത്തെയും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന 2025 ഏപ്രില്‍ 24ലെ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയിലെ തീരുമാനം യോഗം ആവര്‍ത്തിച്ചു. നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗം, പാക് സായുധ സേനയുടെ സജ്ജീകരണത്തിലും പ്രൊഫഷണലിസത്തിലും സംതൃപ്തിയും രേഖപ്പെടുത്തി.
പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘങ്ങള്‍ അഫ്‌ഗാന്‍ താലിബാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നതില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഭീകരവാദത്തില്‍ നിന്ന് സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള അവകാശം പാകിസ്ഥാനുണ്ട്. ഓപ്പറേഷൻ ഗസാബ്-ലിൽ-ഹഖിലൂടെ അഫ്‌ഗാന്‍ താലിബാൻ നിയന്ത്രിത പ്രദേശങ്ങളിൽ നിന്നുള്ള ഭീകരവാദത്തിനെതിരെ രഹസ്യാന്വേഷണ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾ സായുധ സേന തുടരുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ബിലാവല്‍ ഭൂട്ടോയുടെ പ്രതികരണം
സിന്ധു നദീജല വിഷയത്തിൽ ഏതു മേഖലയിലും പോരാടാൻ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് പിപിപി ചെയർമാൻ കൂടിയായ നാഷണല്‍ അസംബ്ലി അംഗം ബിലാവൽ ഭൂട്ടോ സർദാരിയുടെ മുന്നറിയിപ്പ്. ഒരു പൊതുയോഗത്തില്‍ ബിലാവല്‍ നടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സിന്ധു നദിയിലെ വെള്ളത്തെ ഇന്ത്യ ആയുധമാക്കാൻ ശ്രമിക്കുകയാണെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ ആരോപണം. "രാജ്യത്തിന്റെ അവകാശങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇന്ത്യയുമായി ഒരു യുദ്ധം ചെയ്യേണ്ടി വന്നാൽ ഞങ്ങൾ അതും ചെയ്യും" എന്നിങ്ങനെയാണ് ബിലാവലിന്റെ വാക്കുകള്‍. അതേസമയം, ഇത് എന്ന്, ഏതു യോഗത്തില്‍ പറഞ്ഞതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബർ 19ന് കറാച്ചിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ് ഖാനും ഒപ്പുവച്ചതാണ് സിന്ധു ജല ഉടമ്പടി. ഏറ്റവും ശാശ്വതവും വിജയകരവുമായ അന്താരാഷ്ട്ര ജല പങ്കിടൽ കരാറുകളിലൊന്ന് എന്ന വിശേഷണവുമുണ്ട് ഉടമ്പടിക്ക്. ഇന്ത്യയിലും പാകിസ്ഥാനിലും ചൈനയിലുമായി ഒഴുകുന്ന സിന്ധു നദിക്ക് ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിങ്ങനെ അഞ്ച് പോഷക നദികളുണ്ട്. സിന്ധു നദി തിബറ്റിലെ മാനസസരോവറിൽ നിന്നാരംഭിച്ച് ലഡാക്കിലൂടെയാണ് പാകിസ്താനിലേക്ക് ഒഴുകിയെത്തുന്നത്. ഝലം കശ്മീരിൽ ആരംഭിച്ച് പാകിസ്താനിലേക്ക് എത്തുന്നു.
ചെനാബും രവിയും ബിയാസും ഹിമാചൽ പ്രദേശിൽ നിന്നാണ് ആരംഭിക്കുന്നത്. സത്ലെജ് തിബറ്റിൽ തുടങ്ങി ഇന്ത്യയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്നു. ബിയാസ് സത്ലജിലാണ് ചെന്നു ചേരുന്നത്. ഈ ആറ് നദികളും ഉള്‍പ്പെടുന്ന സിന്ധു നദീജല വ്യവസ്ഥയുടെ വിതരണവും കൈകാര്യവുമാണ് ഉടമ്പടിയില്‍ ഉള്‍ക്കൊള്ളുന്നത്. ഉടമ്പടി വ്യവസ്ഥകൾ അനുസരിച്ച്, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ മേൽ ഇന്ത്യയ്ക്ക് പ്രത്യേക അവകാശങ്ങളുണ്ട്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലാണ് പാകിസ്ഥാന് അവകാശം.