അതീവ സുരക്ഷയിൽ മ്യൂസിയം ലൂവ്ര് വീണ്ടും തുറന്നു Source: Social Media
WORLD

ഏഴു മിനിറ്റിനുള്ളിൽ കവർന്നത് 894 കോടിയുടെ ആഭരണങ്ങൾ; അന്വേഷണം ഊർജിതം, അതീവ സുരക്ഷയിൽ മ്യൂസിയം ലൂവ്ര് ഇന്ന് വീണ്ടും തുറന്നു

ഗാലറി ഓഫ് അപ്പോളോയുടെ ബാൽക്കണിയിലേക്ക് ഒരു ഇലക്ട്രിക് ​ലാഡർ ചാരിവെച്ചു. കട്ടർ ഉപയോ​ഗിച്ച് ബാൽക്കണിയിലെ ജനാല തകർത്ത് മുഖംമൂടിധാരികളായ രണ്ട് പേർ മ്യൂസിയത്തിന് അകത്ത് കയറി.

Author : ന്യൂസ് ഡെസ്ക്

പാരിസ്: ലൂവ്ര് മ്യൂസിയത്തിൽ നിന്നും മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 894 കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങളാണ് മോഷണം പോയതെന്ന വിവരം ഇന്ന് പുറത്തുവന്നു. മൂന്ന് ദിവസത്തെ അടച്ചിടലിന് ശേഷം മ്യൂസിയം ഇന്ന് വീണ്ടും തുറന്നു. മോഷണം നടന്ന സാഹചര്യത്തിൽ അതീവ സുരക്ഷയിലാണ് ലൂവ്ര് മ്യൂസിയം. സ്വകാര്യ ഇൻഷുറൻസില്ലാത്തതിനാൽ ലൂവ്രിൽ നിന്ന് നഷ്ടമായ ആഭരണങ്ങൾക്ക് സർക്കാരിന് നഷ്ടപരിഹാരത്തുകയും ലഭിക്കില്ല.

പാരിസ് നഗരത്തിലെ വ്യഖ്യാത കലാമ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ കൊട്ടാരം. അവിടെ നിന്നാണ്,19-ാം നൂറ്റാണ്ടിൽ നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ ധരിച്ചിരുന്ന കിരീടങ്ങൾ, ഉൾപ്പെടെ കോടികൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയത് വെറും 7 മിനിറ്റുകൊണ്ടാണ്. ഒക്ടോബർ 19ന് സുരക്ഷാ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി മോഷ്ടാക്കൾ അടിച്ച് മാറ്റിയത് 8 ആഭരണങ്ങളാണ്.

രത്നങ്ങൾ പതിച്ച ഒരു തലപ്പാവ്, മാലകൾ, കമ്മലുകൾ, ബ്രൂച്ചുകൾ എന്നിവയുൾപ്പെടെ എട്ട് വസ്തുക്കളാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. എല്ലാം 19ാം നൂറ്റാണ്ടിലേതാണ്. ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രാലയം പറയുന്നതനുസരിച്ച് മോഷ്ടിക്കപ്പെട്ട വസ്തുക്കൾ ഇവയാണ്:

നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായ യൂജീനി ചക്രവർത്തിനിയുടെ ഒരു ടിയാരയും ബ്രൂച്ചും

എംപ്രസ് മേരി ലൂയിസിൽ നിന്നുള്ള ഒരു മരതക മാലയും ഒരു ജോഡി മരതക കമ്മലുകളും

മേരി-അമേലി രാജ്ഞിയുടെയും ഹോർട്ടൻസ് രാജ്ഞിയുടെയും ഉടമസ്ഥതയിലുള്ള നീലക്കല്ലിന്റെ സെറ്റിൽ നിന്നുള്ള ഒരു ടിയാര, മാല, ഒറ്റ കമ്മൽ.

"റെലിക്വറി ബ്രൂച്ച്" എന്നറിയപ്പെടുന്ന ഒരു ബ്രൂച്ച്

കൃത്യമായ ആസൂത്രണം നടന്നിരുവെന്നും ഒരു പാളിച്ച പോലും ഇല്ലാതെ നടത്തിയെത്തും ദൃശ്യങ്ങളിൽ വ്യക്തമാണ്. രാവിലെ 9.30നും 9.40നും ഇടയിൽ പ്രൊഫഷണൽ കള്ളന്മാർ നടത്തിയ മോഷണം ലോകത്തെ തന്നെ ഞെട്ടിച്ചു. സൈൻ നദിക്ക് സമാന്തരമായുള്ള ​ഗാലറി ഓഫ് അപ്പോളോയുടെ ബാൽക്കണിയിലേക്ക് ഒരു ഇലക്ട്രിക് ​ലാഡർ ചാരിവെച്ചു. കട്ടർ ഉപയോ​ഗിച്ച് ബാൽക്കണിയിലെ ജനാല തകർത്ത് മുഖംമൂടിധാരികളായ രണ്ട് പേർ മ്യൂസിയത്തിന് അകത്ത് കയറി. എല്ലാം കൃത്യമാണെന്നും പാളിച്ചകൾ ഇല്ലെന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നും ഉറപ്പിക്കാൻ പുറത്ത് രണ്ട് പേർ കാത്തിരുന്നു.

തുടർന്ന് അകത്ത് കയറിയ ഇരുവർസംഘം അനായാസം ഡിസ്പ്ലേ ബോക്സുകൾ തകർത്ത് ആഭരണങ്ങൾ കൈക്കലാക്കി. മോഷണം പോയ ആഭരണങ്ങളുടെ മൂല്യം 894 കോടിയെന്നാണ് വിവരം. മോഷ്ടാക്കളെ പിടികൂടിയാലും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു. വിലകൂടിയ ആഭരണങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കടത്താനും രൂപമാറ്റം വരുത്താനുമുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.

SCROLL FOR NEXT