ലൂവ്ര് മ്യൂസിയം Source: Screengrab/ X
WORLD

ലൂവ്ര് മ്യൂസിയത്തിലെ മോഷണം: രണ്ട് പേർ അറസ്റ്റിൽ

കവർച്ച നടത്തിയ നാലംഗ സംഘത്തിൻ്റെ ഭാഗമാണ് പിടിയിലായ രണ്ടുപേരും എന്നാണ് പുറത്തുവരുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

പാരിസ്: ലോകത്തെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കവർച്ചക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് പിടികൂടിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരീസിലെ സെയിൻ-സെയിന്റ് - ഡെനിസിൽ നിന്നുള്ളവരാണ് പിടിയിലായവരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഇരുവരുടെയും വ്യക്തിവിവരങ്ങളൊന്നും പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കവർച്ച നടത്തിയ നാലംഗ സംഘത്തിൻ്റെ ഭാഗമാണ് പിടിയിലായ രണ്ടുപേരും എന്നാണ് പുറത്തുവരുന്ന വിവരം. ഇരുവർക്കും 30 വയസിനുള്ളിലാണ് പ്രായമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഒക്ടോബർ 19ന് സുരക്ഷാ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി മോഷ്ടാക്കൾ അടിച്ച് മാറ്റിയത് 8 ആഭരണങ്ങളാണ്. നെപ്പോളിയൻ മൂന്നാമൻ്റെ പത്നി യൂജിൻ ചക്രവർത്തിനിയുടെ കിരീടവും ഒൻപത് രത്നങ്ങളും ഉൾപ്പടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണസംഘം വെറും ഏഴ് മിനിറ്റുകൊണ്ട് കവർന്നത്. അപ്പോളോ ഗ്യാലറിയിലേക്ക് പ്രവേശിച്ച മോഷ്ടാക്കൾ ചില്ലുകൂടുകൾ തകർത്ത് വിലയേറിയ വസ്തുക്കൾ കവരുകയായിരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിലേക്ക് പകൽ വെളിച്ചത്തിൽ അതിക്രമിച്ച് കയറിയാണ് കള്ളൻമാർ മോഷണം നടത്തിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രത്നങ്ങൾ പതിച്ച ഒരു തലപ്പാവ്, മാലകൾ, കമ്മലുകൾ, ബ്രൂച്ചുകൾ എന്നിവയുൾപ്പെടെ എട്ട് വസ്തുക്കളാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. എല്ലാം 19ാം നൂറ്റാണ്ടിലേതാണ്.

SCROLL FOR NEXT