WORLD

ആകാശത്ത് വച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; ബലം പ്രയോഗിച്ച് കീഴടക്കി യാത്രക്കാരും ജീവനക്കാരും | ദൃശ്യങ്ങൾ

സാൻ ഡിയാഗോയിൽ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് 1494 ആണ് അടിയന്തര ലാൻഡിങ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കെ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികരും ജീവനക്കാരും ചേർന്ന് കീഴടക്കി. സംഭവത്തെ തുടർന്ന് അമേരിക്കൻ എയർലൈൻസിന്റെ ചിക്കാഗോയിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തിരമായി ഫീനിക്സിൽ ഇറക്കി. സാൻ ഡിയാഗോയിൽ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് 1494 ആണ് അടിയന്തര ലാൻഡിങ് നടത്തിയത്.

നവംബർ 25ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം. ജീവനക്കാരുടെ നിർദേശം അവഗണിച്ച് യാത്രക്കാരൻ സ്വന്തം സീറ്റിൽ നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ മുൻഭാഗത്തേക്ക് നീങ്ങിയ ശേഷമാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. ജീവനക്കാർ പലതവണ സീറ്റിലേക്ക് മടങ്ങാൻ നിർദേശിച്ചെങ്കിലും ഇയാൾ അനുസരിച്ചില്ല. തുടർന്ന് വിമാനത്തിലെ ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു.

സംഭവത്തിൽ യാത്രക്കാരന് നിസാര പരിക്കേറ്റു.എന്നാൽ മറ്റ് യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് വിമാനം അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. പുലർച്ചെ ഒന്നോടെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. വിമാനം എത്തിയ ഉടൻ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി.

സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) അന്വേഷണം നടത്തുന്നുണ്ട്. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും സംഭവത്തിൽ ജീവനക്കാർ കാട്ടിയ പ്രൊഫഷണലിസത്തിനും യാത്രക്കാർ നൽകിയ സഹായത്തിനും നന്ദിയുണ്ടെന്നും അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.

SCROLL FOR NEXT